| Friday, 19th April 2024, 9:23 pm

പിള്ളേര് ഒരു വരവ് കൂടെ വരുന്നുണ്ട്, സക്‌സസ് സെലിബ്രേഷനില്‍ സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമ ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ വന്ന പെര്‍ഫക്ട് റോംകോം എന്റര്‍ടൈനറായിരുന്നു. നസ്‌ലെന്‍, മമിത, ശ്യാം മോഹന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 130 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.

ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ കൊച്ചിയില്‍ നടന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പുറമെ, സംവിധായകന്‍ അമല്‍ നീരദ്, മന്ത്രി പി.രാജീവ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനിടെ ഭാവനാ സ്റ്റുഡിയോസിന്റെ ഏഴാമത് ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗമായിരിക്കുമെന്ന് നിര്‍മാതാവ് ശ്യാം പുഷ്‌കരനും സംവിധായകന്‍ ഗിരീഷ് എ.ഡി.യും അറിയിച്ചു.

ആദ്യ ഭാഗത്തിനെക്കാള്‍ കൂടുതല്‍ ഫണ്‍ ആയും എനര്‍ജെറ്റിക് ആയുമാണ് രണ്ടാം ഭാഗം വരികയെന്ന് സംവിധായകന്‍ ഗിരീഷ് എ.ഡി. കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

യാതൊരു സൂചനയും രണ്ടാം ഭാഗത്തെക്കുറിച്ച് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നില്ല. സര്‍പ്രൈസായി വന്ന അനൗണ്‍സ്‌മെന്റിന്റെ അമ്പരപ്പിലാണ് സിനിമാലോകം. 2025ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. മലയാളത്തിന് പുറമെ തെലുങ്കിലും ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയത്. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയ പ്രേമലു തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു.

ചിത്രം കണ്ട രാജമൗലി, പ്രേമലുവിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും സിനിമയിലെ ശ്യാം മോഹന്റെ പ്രകടനം വളരെ ഇഷ്ടമായെന്ന് പറയുകയും ചെയ്തിരുന്നു. തെലുങ്ക് വെര്‍ഷന്‍ 15 കോടിയോളം  കളക്ഷന്‍ നേടുകയും ചെയ്തു. ഒരു മലയാള സിനിമയുടെ ഡബ്ബ് വെര്‍ഷന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണിത്. 2016ല്‍ റിലീസായ പുലിമുരുകന്റെ ഡബ്ബ് വെര്‍ഷനായ മന്യം പുലിയുടെ റെക്കോഡാണ് പ്രേമലു തകര്‍ത്തത്. ഒ.ടി.ടി റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

Content Highlight: Premalu second part announced in Success celebration

We use cookies to give you the best possible experience. Learn more