വാലന്റൈന്‍സ് ദിനത്തില്‍ ബുക്ക്‌മൈഷോയില്‍ രജിനി ചിത്രത്തെയും പിന്തള്ളി പ്രേമലുവിന്റെ കുതിപ്പ്
Entertainment
വാലന്റൈന്‍സ് ദിനത്തില്‍ ബുക്ക്‌മൈഷോയില്‍ രജിനി ചിത്രത്തെയും പിന്തള്ളി പ്രേമലുവിന്റെ കുതിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th February 2024, 2:10 pm

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് നസ്‌ലെന്‍ നായകനായ പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. റോം-കോം വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയില്‍ വാലന്റൈന്‍സ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയ സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് പ്രേമലു. രജിനികാന്ത് ചിത്രം ലാല്‍സലാമിനെയും പിന്തള്ളിയാണ് പ്രേമലു ലിസ്റ്റില്‍ രണ്ടാമതെത്തിയത്. എക്‌സ് ട്വിറ്ററിലെ പാനിപൂരി മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടത്. ആദ്യ പത്തില്‍ പ്രേമലുവിനെ കൂടാതെ മമ്മൂട്ടി ചിത്രം ഭ്രമയുഗവുമുണ്ട്.

ഷാഹിദ് കപൂറും കൃതി സനോനും ഒന്നിച്ച തേരി ബാതോന്ഡ മേം ഏസാ ഉല്‍ഝാ ജിയാ എന്ന സിനിമയാണ് ലിസ്റ്റില്‍ ഒന്നാമത്. 1,14,000 ടിക്കറ്റുകളാണ് വിറ്റുപോയത്. 84000ത്തിലധികം ടിക്കറ്റ് ബുക്കിങുമായാണ് പ്രേമലു രണ്ടാം സ്ഥാനത്തെത്തിയത്. ഹൃതിക് റോഷന്‍ ചിത്രം ഫൈറ്റര്‍ മൂന്നാമതും മമ്മൂട്ടി ചിത്രം ഭ്രമയുഗം നാലാമതുമാണ് ഉള്ളത്. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ നായകന്മാരായി രജിനികാന്ത് അതിഥിവേഷത്തിലെത്തിയ ലാല്‍ സലാം എട്ടാം സ്ഥാനത്താണ്.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കര്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ശ്യാം മോഹന്‍, സംഗീത്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരോടൊപ്പം മാത്യൂ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു വിജയ് സംഗീത സംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Premalu on the second place in Bookmyshow booking