പ്രേമലു സ്‌ക്രീനില്‍ കണ്ടവര്‍ക്ക് ഇനി വായിക്കാം; നീക്കം ചെയ്യപ്പെട്ട സീനുകളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പുസ്തകമാകുന്നു
Entertainment
പ്രേമലു സ്‌ക്രീനില്‍ കണ്ടവര്‍ക്ക് ഇനി വായിക്കാം; നീക്കം ചെയ്യപ്പെട്ട സീനുകളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പുസ്തകമാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th May 2024, 9:33 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേമലു. മമിത ബൈജു – നസ്ലെന്‍ എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു ഇത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു 100 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.

ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തിയ പെര്‍ഫക്ട് റോം – കോം ചിത്രമായാണ് പ്രേമലുവിനെ കണക്കാക്കുന്നത്. ഹൈദരാബാദിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രണയകഥയായിരുന്നു പ്രേമലുവില്‍ പറഞ്ഞത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നായിരുന്നു.

നിരവധി തിയേറ്റര്‍ റെക്കോഡുകള്‍ തകര്‍ത്ത പ്രേമലുവിന്റെ തിരക്കഥ ഇപ്പോള്‍ പുസ്തകമായി ഇറങ്ങാന്‍ പോകുകയാണ്. മാന്‍കൈന്‍ഡ് പബ്ലിക്കേഷന്‍സ് ചിത്രത്തിന്റെ തിരക്കഥ പുസ്തകമായി ഇറക്കുന്ന കാര്യം സംവിധായകന്‍ ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയുമാണ് അവരുടെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ പുറത്തുവിട്ടത്.

പ്രേമലു സിനിമയില്‍ നിന്ന് നീക്കം ചെയ്ത ചില സീനുകളും സംഭാഷണങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇരുവരും പറയുന്നത്. ജൂണ്‍ അഞ്ചു മുതല്‍ പുസ്തകം ലഭ്യമാകും. ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ പുസ്തകത്തിന്റെ പ്രീ ബുക്കിങ്ങിനായുള്ള ലിങ്കും ഷെയര്‍ ചെയ്തിട്ടുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മിച്ചത്. മമിത ബൈജുവിനും നസ്ലെനും പുറമെ മീനാക്ഷി രവീന്ദ്രന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം എന്നിവരും ചിത്രത്തില്‍ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ മാത്യൂ തോമസ് ഒരു ഗസ്റ്റ് റോളില്‍ എത്തിയിരുന്നു.

Content Highlight: Premalu Movie Is All Set To Become A Book