| Thursday, 7th March 2024, 2:14 pm

'ആ ട്രാപ്പില്‍ വീഴരുത്'; സത്യന്‍ അന്തിക്കാടും അമല്‍ നീരദും എന്നോട് പറഞ്ഞു: ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു സിനിമ കണ്ട ശേഷം തന്നെ വിളിച്ചവരെ കുറിച്ചും തനിക്ക് കിട്ടിയ ചില ഉപദേശങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. ഒരേ ഴോണറില്‍ രണ്ട് മൂന്ന് സിനിമകള്‍ ചെയ്യുന്ന സംവിധായകന്‍ നേരിടുന്ന ചില പ്രതിസന്ധികളുണ്ടെന്നാണ് ഗിരീഷ് പറയുന്നത്.

വ്യത്യസ്ത ഴോണറുകള്‍ മാത്രം പരീക്ഷിക്കുന്ന സംവിധായകര്‍ മാത്രമേ അംഗീകരിക്കപ്പെടൂവെന്ന് കരുതുന്ന ചിലരുണ്ടെന്നും ആരുടേയെങ്കിലും വാക്കുകള്‍ കേട്ട് ചിലരെ ഇംപ്രസ് ചെയ്യാനായി ഴോണര്‍ മാറ്റിയാല്‍ അത് വിജയിച്ചുകൊള്ളണമെന്നില്ലെന്നും ഗിരീഷ് എ.ഡി പറഞ്ഞു. തന്റെ സിനിമകള്‍ കണ്ട ശേഷം സത്യന്‍ അന്തിക്കാടും അമല്‍ നീരദുമൊക്കെ പറഞ്ഞ ചില കാര്യങ്ങളുണ്ടെന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് പറഞ്ഞു.

‘ഒരേ ഴോണറിലുള്ള ഒന്ന് രണ്ട് സിനിമകള്‍ എടുത്തു കഴിഞ്ഞ ശേഷം റിയലിസ്റ്റിക്കോ മാസ് സിനിമയോ എടുക്കാതെ അംഗീകരിച്ചു തരില്ലെന്ന് പറയുന്നവരുണ്ട്. അത് കേട്ട് നമുക്ക് വഴങ്ങാത്ത ഴോണര്‍ ട്രൈ ചെയ്താല്‍ അത് വിജയിച്ചോളണമെന്നില്ല.

അവരവരുടെ താത്പര്യപ്രകാരം പോയിട്ട് പരീക്ഷണം നടത്തുന്നതില്‍ കുഴപ്പമില്ല. മാത്രമല്ല അത്തരത്തില്‍ പരീക്ഷിക്കുകയും വേണം. എന്നാല്‍ അതൊരിക്കലും ആരെയങ്കിലും ബോധിപ്പിക്കാന്‍ വേണ്ടിയാവരുത്. നമുക്ക് തന്നെ താത്പര്യം തോന്നിയട്ട് ചെയ്യുന്നതും എങ്ങനെയെങ്കിലും ഇവരെയൊന്ന് ഇംപ്രസ് ചെയ്യിക്കണം എന്ന് കരുതി എന്തെങ്കിലും ഒന്ന് ഉണ്ടാക്കി ചെയ്യുന്നതും രണ്ടാണ്. അതൊരു ട്രാപ്പാണെന്ന് പറയാം. അതില്‍ വീഴരുത്.

സത്യന്‍ അന്തിക്കാട് സാര്‍ പ്രേമലു കണ്ട് വിളിച്ചിരുന്നു. പുള്ളി എന്നോട് പറഞ്ഞത് അടുത്ത സിനിമ മുതല്‍ മാറ്റിച്ചെയ്യ്, മാറ്റിച്ചെയ്യ് എന്ന് പലരും പറയുമെന്നും അതില്‍ വീഴരുതെന്നുമാണ്. വീണു കഴിഞ്ഞാല്‍ പണിയാവുമെന്ന് പറഞ്ഞു.

നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ പോകുന്നതാണ് നല്ലത് എന്നാണ് എന്നോട് പറഞ്ഞത്. ഒരുപാട് നേരം സംസാരിച്ചിരുന്നു. ഴോണര്‍മാറ്റിപ്പിടിക്കാനൊക്കെ നമ്മളോട് പറയുന്നത് ഒരു ട്രാപ്പാണ് വിവരമുള്ളവര്‍ക്ക് അറിയാം.

ഭയങ്കരമായിട്ട് സിനിമകളെ വിലയിരുത്തുന്ന ആള്‍ക്കാര്‍ നമ്മുടെ സിനിമയെ കുറിച്ച് നന്നായിട്ട് എഴുതിയിട്ടുണ്ട്. ഈ ഇടയ്ക്ക് നില്‍ക്കുന്ന ചിലരുണ്ട് അവര്‍ ഭയങ്കര കണ്‍ഫ്യൂസ്ഡ് ആണ്. അവര്‍ക്ക് അവരുടെ ടേസ്റ്റിനെ കുറിച്ച് തന്നെ കണ്‍ഫ്യൂഷനാണ്.

ഇതിനെ സപ്പോര്‍ട്ട് ചെയ്താല്‍ അവര്‍ക്ക് എന്തോ കുറച്ചിലാകുമോ എന്നൊക്കെയുള്ള തോന്നലാണ്. ഇവരുടെ യഥാര്‍ത്ഥ ടേസ്റ്റ് ഇവര്‍ക്ക് തന്നെ അറിയില്ല. അങ്ങനെയുള്ള ചിലരെയാണ് എനിക്ക് പ്രശ്‌നമായി തോന്നിയിട്ടുള്ളത്,’ ഗിരീഷ് എ.ഡി പറഞ്ഞു.

സ്ഥിരമായി വിളിക്കുന്ന സിനിമാ മേഖലയിലുള്ളവരെ കുറിച്ചും പ്രേമലു കണ്ട് സിനിമയില്‍ നിന്ന് വിളിച്ചവരെ കുറിച്ചും ഗിരീഷ് അഭിമുഖത്തില്‍ സംസാരിച്ചു.

‘അമല്‍ നീരദ് എന്നെ വിളിക്കാറുണ്ട്. അമലേട്ടന്‍ പ്രേമലു കണ്ടിരുന്നില്ല. ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ എന്നെ വിളിച്ചിരുന്നു. സൂപ്പര്‍ ശരണ്യ കണ്ടപ്പോഴും വിളിച്ചു. തണ്ണീര്‍ മത്തന്‍ കണ്ടപ്പോള്‍ വിളിക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞു. സിനിമ കണ്ട് ഒരുപാട് ചിരിച്ചെന്ന് പറഞ്ഞു.

എടാ നീ ഇതുപോലെ തന്നെ പോവണമെന്നാണ് പറഞ്ഞത്. അതുപോലെ ചാക്കോച്ചന്‍ മെസ്സേജ് അയക്കാറുണ്ട്. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ വിളിച്ചിരുന്നു. ഇവരുമൊക്കെയായി എനിക്ക് സ്ഥിരമായി കമ്യൂണിക്കേഷന്‍ ഉണ്ട്.

സത്യന്‍ സാര്‍ ആദ്യമായിട്ടാണ് വിളിച്ചത്. അഖില്‍ സത്യന്‍ ശരണ്യയും പ്രേമലുവുമൊക്കെ കണ്ടപ്പോള്‍ വിളിച്ചിരുന്നു. അതുപോലെ ജഗദീഷേട്ടന്‍ പ്രേമലു കണ്ടു വിളിച്ചിരുന്നു. ഭയങ്കര ഹാപ്പിയായിരുന്നു പുള്ളി. പിള്ളേര്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ട് കൊതിയാവുകയാണ് എന്ന് പറഞ്ഞു. നിങ്ങള്‍ നമ്മളെയാക്കെ വെച്ച് പടമെടുക്കണം എന്നാണ് പറഞ്ഞത്.

ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു. എനിക്ക് വലിയ സന്തോഷമായി അത് കേട്ടപ്പോള്‍ അത്തരത്തില്‍ നിരവധി കോളുകള്‍ വന്നിരുന്നു. എബ്രിഡ് ഷൈന്‍ പിന്നെ എപ്പോഴും വിളിക്കും. ഇടയ്ക്ക് കാണാറും ഉണ്ട്. പുള്ളിയും ഈ പറഞ്ഞപോലെ എന്ത് പരിപാടി ഉണ്ടെങ്കിലും ഭയങ്കര സപ്പോര്‍ട്ടാണ്. എവിടെ കണ്ടാലും പിടിച്ചുകൊണ്ടുപോകും. കുറേ നേരം സംസാരിച്ചിട്ടേ വിടുള്ളൂ,’ ഗിരീഷ് എ.ഡി പറഞ്ഞു.

Content Highlight: Premalu Director Gireesh AD about Sathyan anthikkad and Amal Neerad Call

We use cookies to give you the best possible experience. Learn more