പ്രേമലു തന്റെ നാട്ടിലെ തിയേറ്ററിൽ ഉണ്ടായിരുന്നില്ലെന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. തന്റെ വീടിന്റെ 100 മീറ്റർ അപ്പുറത്ത് ഒരു തിയേറ്ററുണ്ടെന്നും എന്നാൽ അവിടെ പ്രേമലു മാത്രമില്ലെന്നും സംഗീത് പറഞ്ഞു. താൻ സിനിമയിൽ വർക്ക് ചെയ്യുന്നത് എല്ലാവർക്കും അറിയാമെന്നും പ്രേമലു തിയേറ്ററിൽ വരാത്തതിൽ തന്നോടാണ് എല്ലാവരും ചോദിക്കുന്നതെന്നും സംഗീത് പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ വീടിന്റെ 100 മീറ്റർ അപ്പുറത്ത് ഒരു തിയേറ്ററുണ്ട്. എനിക്ക് തോന്നുന്നു എറണാകുളത്ത് ഉള്ളതിൽ വെച്ച് നല്ലൊരു തിയേറ്ററാണത്. കെ.സിനിമാസ് നല്ല തിയേറ്റർ ആണ്.ഇപ്പോൾ മൂന്ന് മണിയുടെ ഷോ ആണെങ്കിൽ 2 :59ന് സിനിമയ്ക്ക് പോകുന്ന ആളാണ്. കൃത്യമായിട്ട് പ്രേമലു മാത്രം അവിടെയില്ല. ഞങ്ങൾ മാക്സിമം ശ്രമിച്ചു നോക്കി.
ഇവിടെ നിന്നുള്ള ഡിസ്ട്രിബ്യൂഷൻ ഒക്കെ വിളിച്ചു നോക്കി. കാരണം നാട്ടിൽ എല്ലാവർക്കും അറിയാം ഞാൻ സിനിമയിൽ വർക്ക് ചെയ്യുന്നുണ്ടെന്ന്. ഇങ്ങനെ കുഞ്ഞുകുഞ്ഞ് പടങ്ങൾ അഭിനയിച്ചിട്ടുള്ളത് കൊണ്ട് സിനിമയിൽ വർക്ക് ചെയ്യുന്നതാണെന്ന് എല്ലാവർക്കും അറിയാം. ഹൃദയമൊക്കെ എല്ലാവർക്കും അറിയാമല്ലോ.
ഇത് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയാണ്. പടം ഭയങ്കര ഹിറ്റ് ആണല്ലോ എന്നിട്ടെന്താ ഇവിടെ ഇല്ലാത്തത് എന്ന്. ഞാനാണ് തിയേറ്ററിൽ കൊടുക്കുന്നത് എന്നാണ് ഇവരൊക്കെ വിചാരിച്ചിരിക്കുന്നത്. എന്നോടാണ് ചൂടായിക്കൊണ്ടിരിക്കുന്നത്. എന്താ ഇവിടെ ഇല്ലാത്തത് എന്ന് ചോദിക്കുകയാണ്,’ സംഗീത് പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.
മലയാളത്തില്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രമാണ് പ്രേമലു. സിനിമ മാര്‍ച്ച് എട്ടിന് തെലുങ്കില്‍ റിലീസ് ചെയ്യും. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്കിലെ റൈറ്റ്‌സ് സ്വന്തമാക്കിയത്.
മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിന്‍ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.
Content Highlight: premalu did’nt showed in sangeeth’s native theater