'അന്ന് ലിയോ ഇറങ്ങാത്തതു കൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റി': പ്രേമലു ഷൂട്ടിങ് അനുഭവം പങ്കുവെച്ച് താരങ്ങള്‍
Entertainment
'അന്ന് ലിയോ ഇറങ്ങാത്തതു കൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റി': പ്രേമലു ഷൂട്ടിങ് അനുഭവം പങ്കുവെച്ച് താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th February 2024, 10:22 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഹൈദരാബാദില്‍ ഷൂട്ടിങ് ഉണ്ടായിരുന്ന സമയത്തെ രസകരമായ അനുഭവങ്ങള്‍ ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ശ്യാം മോഹന്‍ പങ്കുവെച്ചു.

‘നസ്‌ലെനും മമിതക്കും ആദ്യം ഹോട്ടലില്‍ റൂം ഒരുക്കിയിട്ടുണ്ടായിരുന്നു. ബാക്കി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു അപ്പാര്‍ട്‌മെന്റും തന്നു. ആദ്യത്തെ ദിവസം തന്നെ നസ്‌ലെനും മമിതയും ഞങ്ങളുടെ കൂടെ വന്ന് താമസിച്ചു. പിന്നെ ഷൂട്ട് കഴിയുന്നത് വരെ ഞങ്ങള്‍ ഒരുമിച്ചു തന്നെയായിരുന്നു. ഒരു ഫാമിലി പോലെയായിരുന്നു ഞങ്ങള്‍. ഷൂട്ടിന്റെ സമയത്ത് ഒരു ദിവസം ഞങ്ങള്‍ തന്നെ തീരുമാനിച്ചു, ഇന്ന് പ്രൊഡക്ഷന്‍ ഫുഡ് വേണ്ട, പുറത്തുനിന്ന് കഴിക്കാമെന്ന്. കഴിച്ചിട്ട് ഞങ്ങള്‍ ഫ്‌ളാറ്റ് വരെ നടന്നു.

ഞങ്ങളുടെ കൂടെ അല്‍ത്താഫിക്ക (അല്‍ത്താഫ് സലിം) ഉണ്ടായിരുന്നു, മാത്യു ഉണ്ടായിരുന്നു. അന്ന് ലിയോ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. ഇറങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അങ്ങനെ നടക്കാന്‍ പറ്റില്ലായിരുന്നു. മാത്യു ഞങ്ങളുടെ കൂടെ ഉള്ളത് കൊണ്ട് എല്ലാവരും അവനെ തിരിച്ചറിഞ്ഞ് ആളുകളൊക്കെ കൂടിയേനെ’ പ്രധാനതാരങ്ങളിലൊരാളായ ശ്യാം മോഹന്‍ പറഞ്ഞു.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഗിരീഷ് എ.ഡിയും നസ്‌ലെനും ഒന്നിക്കുന്നത്. ഗിരീഷിന്റെ ആദ്യ രണ്ട് സിനിമകളിലും നസ്‌ലെന്‍ ഉണ്ടായിരുന്നു. അല്‍ത്താഫ് സലിം, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Premalu artists shares their experience of shooting