ഗാങ്‌ടോക്: സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചാ പ്രസിഡന്റ് പ്രേംസിങ് തമാങ് മുഖ്യമന്ത്രി പദത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. അഞ്ചുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചാണ് പ്രതിപക്ഷമായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിന്റെ മധുരം നുണയുന്നത്.
പല്‍ജോര്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ ഗംഗാ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. നേപ്പാളി ഭാഷയില്‍ പ്രേംസിങ് സത്യപ്രതിജ്ഞാ വാചകങ്ങള്‍ ഉരുവിടുന്നതിന് സാക്ഷികളാകാന്‍ ക്രാന്തികാരി മോര്‍ച്ചയുടെ നിരവധിപ്പേരാണ് എത്തിയത്.
തന്റെ സര്‍ക്കാര്‍ കര്‍ക്കശമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം പ്രേംസിങ് തമാങ് മാധ്യമങ്ങളോട് പറഞ്ഞു. താനടക്കമുള്ള ഒരു മന്ത്രിയും ആഢംബര കാറുകളില്‍ സഞ്ചരിക്കില്ല. കാറുകളില്‍ ബീക്കണുകള്‍ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നിയ പ്രവര്‍ത്തനമായിരിക്കും സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷം ഭരണത്തിലുരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും പവന്‍ കുമാര്‍ ചാംലിങിന്റെയും പതനമായാണ് ക്രാന്തികാരി മോര്‍ച്ചയുടെ വിജയം വിലയിരുത്തപ്പെട്ടത്. 1994 മുതല്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുന്ന അളാണ് പവന്‍ കുമാര്‍ ചാംലിങ്. നിരന്തരം അഞ്ച് തവണ സംസ്ഥാനം ഭരിച്ച പവന്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന ആളെന്ന ബഹുമതിക്കും അര്‍ഹനാണ്. 8,932 ദിവസമാണ് പവന്‍ മുഖ്യമന്ത്രി കസേരയിലിരുന്നത്.
സംസ്ഥാനത്ത് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഏപ്രില്‍ 11-നാണു നടന്നത്. തെരഞ്ഞെടുപ്പില്‍ എസ്.ഡി.എഫ് 15 സീറ്റുകള്‍ നേടിയപ്പോള്‍, 2013-ല്‍ മാത്രം ഉദയം ചെയ്ത സിക്കിം ക്രാന്തികാരി മോര്‍ച്ച 17 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷം നേടുകയായിരുന്നു. ഇരുപാര്‍ട്ടികള്‍ക്കും പുറമെ ബിജെപി, കോണ്‍ഗ്രസ്, ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയുടെ ഹംരോ സിക്കിം പാര്‍ട്ടി എന്നിവരും മത്സരിച്ചെങ്കിലും വലിയ മുന്നേറ്റം കൈവരിച്ചില്ല.