| Monday, 25th April 2022, 11:35 am

പ്രേം നസീറിന്റെ ലൈല കോട്ടേജ് വില്‍ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മകള്‍; സര്‍ക്കാരിന് വീട് വിട്ട് നല്‍കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രേം നസറീന്റെ ചിറയിന്‍കീഴുള്ള വീട് കുടുംബം വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വിഷേധിച്ച് മകള്‍ റീത്ത. വീട് നവീകരിച്ച് സംരക്ഷിക്കുമെന്ന് റീത്ത വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു റീത്തയുടെ പ്രതികരണം.

സര്‍ക്കാരിന് വീട് വിട്ട് നല്‍കില്ലെന്നും ഇക്കാര്യവും പറഞ്ഞ് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും റീത്ത പറഞ്ഞു.

‘ഞങ്ങള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. സ്‌കൂളിനൊക്കെ ഞങ്ങള്‍ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര്‍ നാശമാക്കിയപ്പോള്‍ അതും ഞങ്ങള്‍ നിര്‍ത്തി. ഇപ്പോള്‍ ആര്‍ക്കും കൊടുക്കുന്നില്ല, ഞങ്ങള്‍ ഇടയ്ക്ക് പോയി ക്ലീന്‍ ചെയ്യും വരും. അവിടെ കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് വീട് വില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ച് ഒരാള്‍ വന്നിരുന്നു. അവര്‍ക്ക് ഈ വീട് ഓഫീസായൊക്കെ ഉപയോഗിക്കണമെന്നും പറഞ്ഞു.

മോളോട് വിളിച്ച് ചോദിച്ചപ്പോള്‍ വേണ്ടാന്ന് പറഞ്ഞു. വീട് ചോദിച്ചുവന്നയാളോട് വില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ വാര്‍ത്ത ഞാന്‍ കാണുന്നത്. മകള്‍ രേഷ്മയുടെ പേരിലാണ് ഇപ്പോള്‍ വീട്. വീട് വില്‍ക്കുന്നുണ്ടോ വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് മകളോട് ചോദിച്ചിരുന്നു. വീട് കൊടുക്കുന്നില്ലെന്നായിരുന്നു മറുപടി.

രണ്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അവര്‍ നാട്ടിലെത്തും, വന്നശേഷം വീട് നവീകരിക്കും. ശേഷം അവരുടെ ഹോളിഡേ ഹൗസ് ആയി ഉപയോഗിക്കും. ആ വീട് കെട്ടിത്തീര്‍ന്നപ്പോഴാണ് ഞാന്‍ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോള്‍ അവിടയെ താമസിക്കുമായിരുന്നുള്ളൂ. കൂടുതലും മദ്രാസിലായിരുന്നു. സര്‍ക്കാരിനും വീട് വിട്ട് നല്‍കില്ല. ഇക്കാര്യവും പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ല,’ റീത്ത വ്യക്തമാക്കി.

വീട് വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് പ്രേം നസീറിന്റെ സഹോദരി അനീസ ബീവിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ആര് നല്‍കിയതാണെന്ന് തനിക്കോ കുടുംബത്തിനോ അറിയില്ലെന്ന് അവര്‍ പറഞ്ഞു.

വീട് കാട് കയറിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്, അതും വ്യാജമാണ്. പ്രേം നസീറിന്റെ ഇളയ മകള്‍ റീത്തയുടെ ഉടമസ്ഥതയിലാണ് വീട്. റീത്തയോട് ഫോണില്‍ വിവരം തിരക്കിയപ്പോള്‍ ഇത്തരത്തിലൊരു വാര്‍ത്ത അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞതെന്നും അനീസ കൂട്ടിച്ചേര്‍ത്തു.

1956ലാണ് പ്രേം നസീര്‍ വീട് നിര്‍മിച്ചത്. നസീറിന്റെ മകള്‍ റീത്തയുടെ മകളായ രേഷ്മയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ വീടുള്ളത്. വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കാന്‍ ബുദ്ധമുട്ടാണ് അതുകൊണ്ട് വീട് വില്‍ക്കാനൊരുങ്ങുകയാണെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് നിര്‍മിക്കവെ ചിറയില്‍കീഴിലെ വീട് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് 50 സെന്റിന് ആറ് കോടി രൂപയായിരുന്നു വിലയിട്ടിരുന്നത്. ആ വില്‍പന നടന്നിരുന്നില്ല.

ചിറയിന്‍കീഴിലെ ആദ്യ ഇരുനില മന്ദിരം കൂടിയാണീ വീട്. ഇരുനിലയില്‍ എട്ട് കിടപ്പുമുറികളുമായി തലയെടുപ്പോടെ നില്‍ക്കുന്ന വീടിനും വസ്തുവിനും കോടികള്‍ വിലവരും. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന വീട് ഇപ്പോള്‍ ജീര്‍ണിച്ച അവസ്ഥയിലാണ്.

വാതിലുകളിലും ജനാലകളിലും ചിതല്‍ കയറി. വീട് സര്‍ക്കാരിന് വിട്ട് നല്‍കണമെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധുക്കള്‍ തയ്യാറായില്ല.

ഇപ്പോള്‍ വില്‍ക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് വിലയ്ക്ക് വാങ്ങി സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചിറയിന്‍കീഴ് എം.എല്‍.എ വി. ശശി വീട് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ നിവേദനം നല്‍കിയിരുന്നു.

Content Highlights: Prem Nazir’s daughter denies rumors that Laila’s cottage is for sale

We use cookies to give you the best possible experience. Learn more