പ്രേം നസീറും ഷീലയും തമ്മില്‍ അകന്നു, ഇതോടെ നസീറിന്റെ ചിത്രങ്ങളില്‍ ജയഭാരതി, വിജയശ്രീ തുടങ്ങിയവരായി നായികമാര്‍: ശ്രീകുമാരന്‍ തമ്പി
Entertainment
പ്രേം നസീറും ഷീലയും തമ്മില്‍ അകന്നു, ഇതോടെ നസീറിന്റെ ചിത്രങ്ങളില്‍ ജയഭാരതി, വിജയശ്രീ തുടങ്ങിയവരായി നായികമാര്‍: ശ്രീകുമാരന്‍ തമ്പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th February 2022, 12:42 pm

മലയാള സിനിമയില്‍ ഷീല എന്ന അഭിനേത്രിക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായിട്ടുണ്ട്.

നിത്യഹരിത നായകന്‍ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച് റെക്കോര്‍ഡുകള്‍ വരെ ഷീല സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഷീലയെ കുറിച്ച് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗൃഹലക്ഷ്മിയ്ക്ക് വേണ്ടി എഴുതുന്ന ലേഖനത്തിലാണ് പ്രിയ നായികയെ കുറിച്ച് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

നായികാനായകന്മാരുടെ സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകരാണ് പ്രേം നസീര്‍- ഷീല ടീം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറയുന്നു.

‘വളരെ പെട്ടെന്ന് തന്നെ പ്രേം നസീര്‍- ഷീല ജോഡി വ്യാവസായിക സിനിമയിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായി മാറി. പ്രേം നസീര്‍ എന്ന നടന്റെ പിന്തുണയും അദ്ദേഹത്തിന് സിനിമാരംഗത്തുള്ള സൗഹൃദങ്ങളും ഈ കാലഘട്ടത്തില്‍ ഷീലയുടെ വളര്‍ച്ചയെ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒരുമിച്ച താരജോഡികള്‍ എന്ന അംഗീകാരം നേടാന്‍ നസീറിനും ഷീലക്കും കഴിയുമായിരുന്നില്ല. ഇതൊരു വലിയ സത്യമാണ്. ഷീല അംഗീകരിച്ചാലും ഇല്ലെങ്കിലും,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

എന്നാല്‍ പ്രേം നസീറും ഷീലയും തമ്മിലുള്ള സൗഹൃദം ക്രമേണ മങ്ങുകയും നസീര്‍ ചിത്രങ്ങളില്‍ ജയഭാരതി, വിജയശ്രീ തുടങ്ങിയവര്‍ നായികമാരാകാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

‘ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനും നായികയുമായി അഭിനയിച്ച ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് പ്രേം നസീറും ഷീലയും. അവര്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ തികച്ചും ആകസ്മികം എന്നോണം ആ സൗഹൃദ ശോഭ മായുകയും അവര്‍ തമ്മില്‍ മാനസികമായി അകലുകയും ചെയ്തു. അപ്പോള്‍ മുതല്‍ ജയഭാരതി, വിജയശ്രീ തുടങ്ങിയവര്‍ പ്രേം നസീറിന്റെ നായികമാരായി എത്തി. പ്രേം നസീര്‍ നായകനായി അഭിനയിക്കുന്ന സിനിമകളില്‍ 75 ശതമാനത്തിലും അക്കാലത്ത് ഷീലയായിരുന്നു നായിക. അതുകൊണ്ട് ആദ്യകാലത്ത് ഞാന്‍ എഴുതിയ മികച്ച പല ഗാനങ്ങളും പാടി അഭിനയിച്ചത് അവര്‍ രണ്ടുപേരും ചേര്‍ന്നാണ്,’ ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

പില്‍ക്കാലത്ത് പ്രശസ്ത തമിഴ് നടന്‍ രവിചന്ദ്രനെ ഷീല വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ജോര്‍ജ് വിഷ്ണു എന്ന മകനും പിറന്നു. സ്വന്തം ഭര്‍ത്താവിനോടൊപ്പം ചില സിനിമകളില്‍ ഷീല അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലെ രണ്ടാം നിരയിലെ മികച്ച നടന്‍ ആയിരുന്നിട്ടും രവിചന്ദ്രന് മലയാളത്തില്‍ വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ക്രമേണ ഷീലയും രവിചന്ദ്രനും തമ്മിലുള്ള ദാമ്പത്യവും അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നടി ആണെങ്കിലും അര്‍ഹിച്ച ചിലത് നടിയ്ക്ക് ലഭിക്കാതെ പോയിട്ടുണ്ടെന്നും ഷീലയ്ക്ക് നാല് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും അവര്‍ തികച്ചും അര്‍ഹിക്കുന്ന ദേശീയ പുരസ്‌കാരം ലഭിച്ചില്ലെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.


Content Highlights: Prem Nazir and Sheela parted ways, with Nazir’s films starring Jayabharathi and Vijayasree: Sreekumaran Thampi