സി. പ്രേം കുമാര്‍ തിരകഥയും സംവിധാനവും ഒരുക്കിയ തമിഴ് പടമാണ് 96. തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളില്‍ മുന്‍ പന്തിയില്‍ തന്നെയുള്ള 96 പ്രേം കുമാറിന്റെ ആദ്യ സിനിമയായിരുന്നു.
സിനിമയുടെ ഡ്യൂറേഷനെ കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാര്‍. ദംഗല്‍ എന്ന സിനിമയില്‍ അമീര്‍ ഖാന്‍ കുടവയറായി വന്നിട്ടും മെയിന്‍ ലീഡ് അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കളായിട്ടും മൂന്ന് മണിക്കൂര്‍ ഉണ്ടായിട്ടുപോലും ചൈനയില്‍ വരെ ചിത്രം വന്‍ വിജയമായെന്ന് പ്രേം കുമാര്‍ പറയുന്നു. നമ്മള്‍ സിനിമയെ കുറിച്ചും സിനിമയുടെ ഡ്യൂറേഷനെ കുറിച്ചും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഷവും മൂന്ന് മണിക്കൂര്‍ ഉള്ള ചിത്രങ്ങള്‍ ഇറങ്ങാറുണ്ടെന്നും അതെല്ലാം വിജയിക്കാറുണ്ടെന്നും പ്രേം കുമാര്‍ പറയുന്നു. സ്റ്റീരിയോ ടൈപ്പ് അല്ലാത്ത ചിത്രങ്ങളും വിജയിക്കുന്നുണ്ടെന്നും ഇമോഷണല്‍ കണക്ഷനോടെ ചെയ്താല്‍ ചിത്രം വിജയിക്കുമെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍.
‘മൂന്നു മണിക്കൂര്‍ നേരം നമ്മള്‍ ദംഗല്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്നു. അതില്‍ അമീര്‍ ഖാന്‍ ആണെങ്കില്‍ കുടവയറും കാണിച്ചു കൊണ്ടാണ് വന്നത്. സത്യത്തില്‍ ആ ചിത്രത്തിന്റെ ലീഡ് തന്നെ അദ്ദേഹത്തിന്റെ രണ്ട് പെണ്‍കുട്ടികളാണ്. പ്രത്യേകിച്ചും മൂത്ത മകള്‍. അദ്ദേഹം ഒരു സപ്പോര്‍ട്ടിനാണ് വരുന്നത്.
നോര്‍ത്തില്‍ മാത്രമോ തമിഴ് നാട്ടില്‍ മാത്രമോ അല്ല ചൈനയില്‍ വരെ ആ ചിത്രം വന്‍ വിജയമായിരുന്നു. എപ്പോഴാണ് നമ്മള്‍ ആ സിനിമയെ കുറിച്ച് പഠിക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. ഇന്നും നമ്മള്‍ സിനിമയുടെ ഡ്യൂറേഷനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. എല്ലാ വര്‍ഷവും മൂന്ന് മണിക്കൂര്‍ ഉള്ള സിനിമ പുറത്തിറങ്ങുകയും അതെല്ലാം ഹിറ്റ് ആകുകയും ചെയ്യുന്നുണ്ട്.
സ്ഥിരമായി കാണുന്ന സ്പൂണ്‍ ഫീഡിങ് ചെയ്യാത്ത സിനിമകള്‍ വരെ മികച്ച വിജയം നേടുന്നുണ്ട്. ചെറിയ പ്രായത്തില്‍ വരാന്തയില്‍ ഇരുന്ന് വലിയവര്‍ കഥ പറയുന്നത് നമ്മള്‍ എത്രവട്ടം ആസ്വദിച്ച് കേട്ടിട്ടുണ്ട്. അത്രയേ ഉള്ളു. മര്യാദക്ക് കഥ പറഞ്ഞാല്‍ മാത്രം മതി. ഒരു ഇമോഷണല്‍ കണക്ഷനോടെ കഥ പറയണം,’ പ്രേം കുമാര്‍ പറയുന്നു.
Content Highlight: Prem Kumar Talks About Film Duration