| Wednesday, 27th November 2024, 2:08 pm

സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയെന്ന് പ്രേം കുമാര്‍; നിങ്ങളുടെ ജീവിതമാണ് അതിനേക്കാള്‍ മാരകമെന്ന് ഹരീഷ് പേരടി: വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയാണെന്ന നടന്‍ പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം. സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിമര്‍ശങ്ങള്‍ കുറയുന്നത്.

ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, സീമ.ജി,നായര്‍ തുടങ്ങിയവരാണ് പ്രേം കുമാറിനെതിരെ രംഗത്തെത്തിയത്.

മൂന്ന് സീരിയലുകള്‍ എഴുതിയ ആളാണ് താനെന്നും സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. സ്ഥാനം കിട്ടിയെന്ന് വെച്ച് പ്രേം കുമാറിന്റെ തലയില്‍ കൊമ്പൊന്നും ഇല്ലല്ലോയെന്നും പാവങ്ങള്‍ ജീവിച്ചു പോട്ടെയെന്നുമായിരുന്നു ധര്‍മജന്‍ പ്രതികരിച്ചത്.

‘ഞാന്‍ മൂന്നു മെഗാ സീരിയല്‍ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ. പാവപെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ,’ ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നു.

പ്രേം കുമാര്‍ ജീവിക്കുന്ന ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമെന്നും ആ മാരകമായ വിതത്തില്‍ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകള്‍ തെരഞ്ഞെടുക്കുന്നതെന്നും നടന്‍ ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേം കുമാര്‍ പറഞ്ഞത്.

‘സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണ്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണ്. ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്.

ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാന്‍ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണം,’ പ്രേംകുമാര്‍ പറഞ്ഞു.

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘മിസ്റ്റര്‍ പ്രേംകുമാര്‍… നിങ്ങള്‍ ജീവിക്കുന്ന ഈ ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം…ആ മാരകമായ ജീവിതത്തില്‍ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകള്‍ തിരഞ്ഞെടുക്കുന്നത്…നാളെ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാന്‍ വ്യക്തമാക്കാം…
അസന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സര്‍ക്കാര്‍ അക്കാദമിയിലെ ചെയര്‍മാന്റെ കീഴില്‍ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയര്‍മാനാണ് കഥയിലെ നായകന്‍..സ്വന്തം കുടുംബത്തില്‍ നിന്നും അയാള്‍ മെംബര്‍ ആയ സീരിയല്‍ സംഘടനയില്‍ നിന്നുവരെ അയാള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാള്‍ അവിടെ തുടര്‍ന്ന് വിജയം വരിക്കുകയും ആ സര്‍ക്കാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ ആകുകയും അയാള്‍ തന്നെ അംഗമായ ആ സീരിയല്‍ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവന്‍ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്‌സ്..
ഇങ്ങിനെ ഒരു സീരിയല്‍ വന്നാല്‍ ആ കഥയിലെ നായകന്‍ താങ്കള്‍ പറഞ്ഞതുപോലെ എന്‍ഡോസള്‍ഫാനേക്കാള്‍ ഭീകരമാണ്…പക്ഷെ നായകനായ ആ വിഷത്തെ പൊതുജനങ്ങള്‍ക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എന്‍ഡോസള്‍ഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സില്‍ നിറഞ്ഞാടും..ഈ സീരിയലിന് അനുയോജ്യമായ പേര്‍ ‘എനിക്കുശേഷം പ്രളയം’

Content Highlight: Prem Kumar says serials are like endosulfan; Harish Peradi says your life is more deadly than that: criticism

We use cookies to give you the best possible experience. Learn more