ഗോള്‍ഡില്‍ നൊമ്പരമാവുന്ന ആന്റോയും കുടുംബവും; ഇത് പല കുടുംബങ്ങളും അനുഭവിച്ച വേദന
Film News
ഗോള്‍ഡില്‍ നൊമ്പരമാവുന്ന ആന്റോയും കുടുംബവും; ഇത് പല കുടുംബങ്ങളും അനുഭവിച്ച വേദന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th December 2022, 9:35 am

Spoiler Alert
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങിയ ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് തിയേറ്റുകളില്‍ എത്തിയത്. ഒരു ബൊലേറോ വണ്ടി കാരണം ജോഷി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ പെട്ടെന്ന് സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സുമംഗലി ഷോപ്പിങ് കോംപ്ലക്‌സില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ജോഷിയായി ചിത്രത്തില്‍ എത്തിയത് പൃഥ്വിരാജായിരുന്നു.

നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തില്‍ എത്തിത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് പ്രേം കുമാര്‍ അവതരിപ്പിച്ച ആന്റോ ചേട്ടന്‍. രണ്ടോ മൂന്നോ രംഗങ്ങളില്‍ മാത്രമാണ് ചിത്രത്തില്‍ പ്രേം കുമാര്‍ എത്തുന്നത്. എന്നാല്‍ അത് ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കഥാപാത്രമായിരുന്നു.

ഡെയ്ഞ്ചര്‍ ജോഷി ആന്റോ ചേട്ടനെ വിളിക്കുന്ന സമയം വളരെ രസകരമായിട്ടാണ് കാണിച്ചത്. ഒരാള്‍ ജീവിതത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. അപ്പോഴുള്ള പ്രേം കുമാറിന്റെ ഡയലോഗുകളും മാനറിസങ്ങളും ആ സിറ്റുവേഷനെ ലൈറ്റാക്കി കാണിക്കുന്നതായിരുന്നു. ദുരന്തമാണ് കാണിക്കാന്‍ പോകുന്നതെങ്കിലും ഈ രംഗം കോമഡിയായി തന്നെയാണ് ചിത്രീകരിച്ചതും.

ജോഷി വന്ന് ആന്റോ ചേട്ടന് കാശ് കൊടുത്തയുടനെ അയാള്‍ ഒന്നും മിണ്ടാതെ കടയിലേക്ക് ഓടുകയാണ്. ഭക്ഷണം വാങ്ങിവന്ന് കുട്ടികള്‍ക്കും ഭാര്യക്കും കൊടുത്തതിന് ശേഷമാണ് തന്നെ കാത്തിരിക്കുന്ന ജോഷിയോട് അയാള്‍ സംസാരിക്കുന്നത് തന്നെ.

ഈ സമയത്ത് പല സംശയങ്ങളും പ്രേക്ഷകന് വരാം. കൊവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് നടക്കുന്ന കഥയാണ് ഗോള്‍ഡ്. അപ്പോള്‍ ജോഷി വരുന്നത് വരെ ആന്റോയുടെ കുടുംബം ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നോ?

കോമഡിയായിട്ടാണ് കാണിച്ചതെങ്കിലും കൊവിഡ് സമയത്ത് കേരളത്തിലെ നിരവധി കുടുംബങ്ങള്‍ അനുഭവിച്ച കഷ്ടപ്പാട് തന്നെയാണ് ആന്റോ ചേട്ടന്റെ കുടുംബത്തിലൂടെ കാണാന്‍ സാധിച്ചത്. ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളായിരുന്നു ആന്റോ ചേട്ടന്റേതും കുടുംബത്തിന്റെതും. ആന്റോയായി പ്രേം കുമാറും നല്ല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സിനിമ ഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതല്ലെങ്കിലും ആന്റോ എന്ന കഥാപാത്രം മനസില്‍ തങ്ങിനില്‍ക്കുന്നതായിരുന്നു.

അതേസമയം നേരവും പ്രേമവും പോലെ മികച്ച സിനിമകളെടുത്ത അല്‍ഫോണ്‍സ് പുത്രന്റെ മൂന്നാമത്തെ ചിത്രം നിരാശയാണ് സമ്മാനിച്ചത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തിരക്കഥയിലെയും സംവിധാനത്തിലെയും പ്രശ്‌നങ്ങളും ക്ലൈമാക്‌സ് പാളിപ്പോയതുമാണ് പ്രേക്ഷകര്‍ പ്രധാനമായും എടുത്തുപറയുന്നത്.

Content Highlight: prem kumar’s anto chettan in gold movie is a heart touching character