നമുക്ക് ആലോചിക്കാന്‍ പറ്റാത്തതൊക്കെ ഗോട്ടിലുണ്ട്; എങ്ങനെയാണ് അദ്ദേഹത്തിന് അത്തരത്തില്‍ ചിന്തിക്കാന്‍ കഴിയുന്നത്?: പ്രേംജി
Entertainment
നമുക്ക് ആലോചിക്കാന്‍ പറ്റാത്തതൊക്കെ ഗോട്ടിലുണ്ട്; എങ്ങനെയാണ് അദ്ദേഹത്തിന് അത്തരത്തില്‍ ചിന്തിക്കാന്‍ കഴിയുന്നത്?: പ്രേംജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2024, 2:14 pm

ഗായകന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ്, നടന്‍, എന്നി നിലകളില്‍ പ്രശസ്തനാണ് പ്രേംഗി അഥവാ പ്രേംജി എന്നറിയപ്പെടുന്ന പ്രേം കുമാര്‍ ഗംഗൈ അമരന്‍. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായ വെങ്കട്ട് പ്രഭുവിന്റെ സഹോദരന്‍ കൂടിയാണ് പ്രേംജി.

സെപ്റ്റംബര്‍ അഞ്ചിന് ഇറങ്ങാന്‍ പോകുന്ന ബിഗ് ബജറ്റ് വിജയ് ചിത്രം ഗോട്ട് സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട്ട് പ്രഭുവാണ്. ചിത്രം മുഴുവനും താന്‍ കണ്ടെന്നും അത് വേറെ ലെവല്‍ സിനിമയാണെന്നും പറയുകയാണ് പ്രേംജി.

തന്റെ സഹോദരന്‍ എങ്ങനെയാണ് ഇത്തരത്തിലെല്ലാം ചിന്തിക്കുന്നത് എന്ന് തനിക്ക് അത്ഭുതം തോന്നാറുണ്ടെന്ന് പ്രേംജി പറയുന്നു. മാനാട് പോലുള്ള ചിത്രമെല്ലാം ആളുകളുടെ ഇടയിലേക്ക് ഫലപ്രദമായി എത്തിക്കാന്‍ ഒരു പ്രത്യേക കഴിവ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക് എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പ്രേംജി.

‘എന്റെ സഹോദരനെ ഞാന്‍ എപ്പോഴും പുകഴ്ത്താറുണ്ട്. എങ്ങനെ നിനക്ക് ഇങ്ങനത്തെ തലച്ചോര്‍ വന്നു, എങ്ങനെയാണ് നിനക്ക് ഇങ്ങനെയെല്ലാമുള്ള ചിന്ത വരുന്നു, എന്നെല്ലാം എനിക്ക് ചേട്ടനോട് ചോദിക്കാന്‍ തോന്നും.

നമുക്ക് എല്ലാവര്‍ക്കും പല ചിന്തയോ ഐഡിയയോ ഒക്കെ തോന്നും എന്നാലും അതെല്ലാം ഷൂട്ട് ചെയ്ത എഡിറ്റ് ചെയ്ത് ഉദ്ദേശിച്ച രീതിയില്‍ ആളുകളുടെ അടുത്തേക്ക് എത്തിക്കാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ അത് ചെറിയ കാര്യമല്ല.

ഒരാള്‍ ഒരു ദിവസത്തിന്റെ ഉള്ളില്‍ പെടുന്നു, അയാള്‍ മരിക്കുന്നു പിന്നെയും വരുന്നു, മരിക്കുന്നു പിന്നെയും വരുന്നു, എങ്ങനെ മരിച്ചാലും ഫ്‌ലൈറ്റില്‍ കണ്ണ് തുറക്കുന്നു. ആ ചിത്രമാണ് മാനാട്. ആ ചിന്തയെ ചിത്രീകരിച്ച് ഒരു പ്രൊഡക്ട് ആക്കി ആളുകളുടെ മുന്നിലേക്ക് കൊണ്ട് വന്ന് അവരെ വിശ്വസിപ്പിച്ചത് വേറെ ലെവല്‍ എന്ന് വേണം പറയാന്‍.

ഞാന്‍ ഗോട്ട് സിനിമ മുഴുവനും കണ്ടിട്ട് എന്റെ ചേട്ടനോട് ചോദിച്ചു എങ്ങനെയാണ് നിനക്ക് ഇങ്ങനെയെല്ലാം ചിന്തിക്കാന്‍ കഴിയുന്നതെന്ന്. നമുക്ക് ആലോചിക്കാന്‍ കഴിയാത്ത സംഭവങ്ങളെല്ലാം ഗോട്ടിനകത്തുണ്ട്. എങ്ങനെയാണ് നിനക്ക് ഇങ്ങനെയെല്ലാം തോന്നുന്നത്, അതിനുള്ള അറിവെല്ലാം നിനക്ക് എവിടെ നിന്നാണ് കിട്ടുന്നത് എന്നിങ്ങനെയുള്ള നൂറായിരം ചോദ്യങ്ങളാണ് എന്റെ ഉള്ളില്‍ ചേട്ടനോട് ചോദിക്കാനുള്ളത്. ഗോട്ട് വേറെ ലെവല്‍ എന്ന് വേണം പറയാന്‍,’ പ്രേംജി പറയുന്നു.

Content Highlight: Prem Kumar Gangai Amaren Talks About His Brother Venkat Prabhu And GOAT Film