|

രഞ്ജിത്തിന് പകരം പ്രേം കുമാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൈംഗികാരോപണക്കേസിനെത്തുടര്‍ന്ന് രാജിവെച്ച രഞ്ജിത്തിന് പകരം പ്രേം കുമാര്‍ കേരള ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയര്‍മാനാകും. നിലവില്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ് പ്രേം കുമാര്‍. 2022ലാണ് പ്രേം കുമാര്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് പ്രേം കുമാറിനെ താത്കാലിക ചെയര്‍മാനായി തെരഞ്ഞെടുത്തത്.

ജനുവരിയില്‍ ചെയര്‍മാന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ ഇപ്പോള്‍ തെരഞ്ഞെടുക്കണ്ട എന്ന് അക്കാദമി തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗികാരോപണം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രഞ്ജിത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. ഒടുവില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്ന് രഞ്ജിത് അറിയിക്കുകയായിരുന്നു.

2012ല്‍ പാലേരിമാണിക്യം എന്ന സിനിമയിലേക്ക് തെരഞ്ഞെടുക്കാനെന്ന പേരില്‍ തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയെന്നും വൈകുന്നേരത്തെ പാര്‍ട്ടിക്കിടയില്‍ തന്നെ രഞ്ജിത്തിന്റെ റൂമിലേക്ക് വിളിച്ച് അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും നടി പറഞ്ഞു. അപ്പോള്‍ തന്നെ തന്റെ അതൃപ്തി പ്രകടിപ്പിച്ചുവെന്നും അതിന്റെ പേരില്‍ തന്നെ ആ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് നടിയുടെ പരാതി.

എന്നാല്‍ ആരോപണത്തെ നിഷേധിച്ചുകൊണ്ട് രഞ്ജിത് രംഗത്തെത്തി. പിന്നീട് ബെംഗളൂരു സ്വദേശിയായ യുവാവും രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് രഞ്ജിത്തിനെതിരെ പൊലീസ് ലൈംഗികാതിക്രമത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയും പരാതി ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Prem Kumar appointed as Chairman of Kerala Chalachithra Acadmey instead of Ranjith