മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരവും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മ അടുത്ത ഐ.പി.എല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിലേക്ക് വരും എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി ധാരാളമായി നിറഞ്ഞുനിന്നിരുന്നു.
വെള്ളിയാഴ്ച നടന്ന പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു രോഹിത് പഞ്ചാബ് ടീമിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ വന്‍തോതില്‍ പുറത്തുവന്നത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പഞ്ചാബ് ടീം ഓണര്‍ പ്രീതി സിന്റ. രോഹിത് പഞ്ചാബിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് പ്രീതി സിന്റ പറഞ്ഞത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിക്കുകയായിരുന്നു പഞ്ചാബ് ഓണര്‍.
‘ഈ വാര്‍ത്തകള്‍ എല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണ്. ഞാന്‍ രോഹിത് ശര്‍മയെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്. ഞാനീ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ ഒരു പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ല. ശിഖര്‍ ധവാനോടും എനിക്ക് വളരെയധികം ബഹുമാനം ഉണ്ട്. ധവാന്‍ പരിക്കേറ്റ് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വളരെ മോശമാണ്,’ പ്രീതി സിന്റ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
#Fakenews ! All these articles are completely fake & baseless. I hold Rohit Sharma in very high regard & am a big fan of his, but I have NEVER DISCUSSED him in any interview nor made this STATEMENT ! I also have a lot of respect for Shikhar Dhawan & he being currently injured ,… pic.twitter.com/VYbyV4eqHU
ഐ.പി.എല്ലില്‍ ആദ്യ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് വിജയവും അഞ്ച് തോല്‍വിയും അടക്കം നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ വരാനിക്കുന്ന മത്സരങ്ങളില്‍ എല്ലാം ശക്തമായ തിരിച്ചുവരവ് പഞ്ചാബിന് നടത്തിയെ തീരു.
2008 മുതല്‍ ആരംഭിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു തവണ പോലും കിരീടം ചൂടാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. ഈ സീസണില്‍ തങ്ങളുടെ കിരീടവരള്‍ച്ചക്ക് അറുതി വരുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് ആദ്യ പകുതി അവസാനിക്കുമ്പോള്‍ നിരാശ മാത്രമാണ് ഉള്ളത്.
വരും മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയാല്‍ മാത്രമേ പഞ്ചാബിനെ ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ സാധിക്കൂ. ഏപ്രില്‍ 21ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ തട്ടകമായ മഹാരാജാ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
അതേസമയം പുതിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയവും നാല് തോല്‍വിയുമായി ആറ് പോയിന്റോടെ ഏഴാം സ്ഥാനത്താണ് മുംബൈ. ഏപ്രില്‍ 22ന് ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: Preity Zinta reacts to the news that Rohit Sharma will join Punjab Kings