'അവനെ വിട്ടു കൊടുക്കേണ്ടി വരുന്നതില്‍ എനിക്ക് നല്ല വിഷമമുണ്ട്; നെഞ്ച് തകരുന്ന വേദനയുണ്ടതിന്'; പണം വീശിയെറിഞ്ഞിട്ടും ഈ താരത്തെ നിലനിര്‍ത്താന്‍ കഴിയാത്തതില്‍ പ്രീതിയ്ക്ക് ദു:ഖം
IPL
'അവനെ വിട്ടു കൊടുക്കേണ്ടി വരുന്നതില്‍ എനിക്ക് നല്ല വിഷമമുണ്ട്; നെഞ്ച് തകരുന്ന വേദനയുണ്ടതിന്'; പണം വീശിയെറിഞ്ഞിട്ടും ഈ താരത്തെ നിലനിര്‍ത്താന്‍ കഴിയാത്തതില്‍ പ്രീതിയ്ക്ക് ദു:ഖം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st January 2018, 5:55 pm

മുംബൈ: ഐ.പി.എല്‍ ലേലത്തില്‍ ഇത്തവണ പണം വാരിയെറിഞ്ഞത് കിംഗ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു. ലീഗിലെ പ്രമുഖ താരങ്ങളായ ആര്‍.അശ്വിന്‍, കെ.എല്‍ രാഹുല്‍, യുവരാജ് സിംഗ്, ക്രിസ് ഗെയില്‍ തുടങ്ങിയവരേയും എല്ലാവരും നോ്ട്ടമിട്ടിരുന്ന ചില യുവ താരങ്ങളേയും പ്രീതി സിന്റയും സംഘവും ലേലത്തിലൂടെ ടീമിലെത്തിക്കുകയായിരുന്നു.

പ്രീതിയുടെ ലേലം കണ്ട് ഒപ്പമുണ്ടായിരുന്ന ടീം മെന്റര്‍ വിരേന്ദര്‍ സെവാഗു വരെ താരത്തെ ട്രോളിയിരുന്നു. ഇങ്ങനെയൊക്കെ പണം വീശിയെറിഞ്ഞിട്ടും താന്‍ പൂര്‍ണ്ണ തൃപ്തയല്ലെന്നാണ് പ്രീതി പറയുന്നത്.

അതിന് കാരണം തന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളെ ടീമില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയതാണ്. പഞ്ചാബിന്റെ പ്രകടനങ്ങളില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന യുവതാരം സന്ദീപ് ശര്‍മ്മയാണ് ആ താരം.

“സന്ദീപിനെ നഷ്ടമായെന്നത് എനിക്ക് വളരെ വിഷമമുള്ള കാര്യമാണ്. അവനെ വിട്ടു കൊടുക്കേണ്ടി വരുന്നതില്‍ എനിക്ക് നല്ല വിഷമമുണ്ട്. നെഞ്ച് തകരുന്ന വേദനയുണ്ടതിന് ”

അതേസമയം, സന്ദീപിന് വേണ്ടി ലേലത്തില്‍ കടുത്ത മത്സരം നടന്നതില്‍ താന്‍ സന്തുഷ്ടയാണെന്നും അവര്‍ പറയുന്നു.” സാന്‍ഡിയക്കായി കടുത്ത മത്സരം നടന്നെന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. കൂടെയുള്ള ഒരാള്‍ക്ക് അവന്റെ കഠിനാധ്വാനത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുവെന്നത് നല്ല കാര്യമാണ്. ഞങ്ങള്‍ക്ക് അവനെ നഷ്ടമായെങ്കിലും വിജയം അവന്റേതു തന്നെയാണ്. സാന്‍ഡിയ്ക്ക് എല്ലാ വിധ ആശംസകളും.” ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രീതി പറയുന്നു.

മൂന്ന് കോടിയ്ക്ക് സന്ദീപിനെ സ്വന്തമാക്കിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്.