| Tuesday, 21st May 2013, 11:06 am

വാതുവെപ്പ്: കളിയുടെ ഭാഗമായതില്‍ നിരാശയെന്ന് പ്രീതി സിന്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഐ.പി.എല്ലില്‍ താരങ്ങള്‍ ഒത്തുകളി നടത്തിയെന്നത് ശരിയാണെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയായ പ്രീതി സിന്റ.

അറസ്റ്റിലായ മലയാളി താരം ശ്രീശാന്ത് മുന്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ താരം കൂടിയായിരുന്നു. []

ഞാനിപ്പോഴും വിശ്വസിക്കുന്നത് താരങ്ങളെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെ പേരില്‍ മാത്രമാണെന്നാണ്. അങ്ങനെ ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്.

എന്നാല്‍ ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്ന തെളിവുകള്‍ ശക്തമാണെങ്കില്‍ ഇവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഐ.പി.എല്ലിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണ് ഈ ഒത്തുകളി.

അറസ്റ്റിലായ താരങ്ങളെക്കുറിച്ച് തികഞ്ഞ മതിപ്പും വിശ്വാസവും ഉണ്ടായിരുന്നു. അവര്‍ പണമുണ്ടാക്കാനായി കളിയെ ഒറ്റിക്കൊടുക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

എന്നാല്‍ സത്യം പുറത്തുവന്ന് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ബി.സി.സി.ഐയോട് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞാനും ആവശ്യപ്പെടും.

ഐ.പി.എല്‍ മത്സരത്തോട് എന്നും മതിപ്പുണ്ട്. അതുകൊണ്ട് തന്നെയാണ് ടീമിന്റെ അംബാസിഡറായതും. ഓരോരുത്തരുടേയും ഉത്തരവാദിത്തത്തെ നല്ല രീതിയില്‍ നടപ്പിലാക്കുക എന്ന് മാത്രമാണ് കളിക്കാരോട് പറയാനുള്ളത്.

രാജ്യത്തെയും മത്സരത്തേയും ഒറ്റുകൊടുത്തുള്ള കളിയിലേക്ക് ആരും ചെന്ന് പെടാതിരിക്കണം. 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ ആളാണ് ഞാന്‍. ഒരു അഭിനേതാവ് എന്നതിലുപരി കളിയുടെ ഭാഗമായതില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളെല്ലാം ആ സന്തോഷം കെടുത്തുന്നതാണ്.- പ്രീതി പറയുന്നു.

We use cookies to give you the best possible experience. Learn more