ന്യൂയോർക്ക്: ചരിത്രാതീതകാലത്ത് സ്ത്രീകൾ വേട്ടക്ക് പോയിരുന്നുവെന്നും അവരുടെ ശരീരഘടന അതിന് ഉചിതമായിരുന്നുവെന്നും ഗവേഷണ പഠനം.
പുരാവസ്തു, ശരീരശാസ്ത്ര തെളിവുകളുടെ അടിസ്ഥാനത്തിലാണ് വേട്ടയിൽ പങ്കെടുത്തത് പുരുഷന്മാർ മാത്രമല്ലെന്ന് യു.എസിലെ നോട്രഡാം സർവകലാശാലയിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയത്.
അമേരിക്കൻ ആന്ത്രപോളജിസ്റ്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെ സ്ത്രീകളെ മായ്ച്ചുകളഞ്ഞ ചരിത്രം തങ്ങൾ തിരുത്തുകയായിരുന്നു എന്ന് ഗവേഷകർ പറഞ്ഞു.
സ്ത്രീകളിൽ കണ്ടെത്തിയ പരിക്കുകളും വേട്ടക്ക് ഉപയോഗിക്കുന്ന ആയുധങ്ങൾക്കൊപ്പം സ്ത്രീകളുടെ ഭൗതിക ശരീരം സംസ്കരിക്കുന്നതും ചൂണ്ടിക്കാണിക്കുന്നത് തൊഴിലിൽ ലിംഗപരമായ വിഭജനങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
സ്ത്രീകളിൽ കണ്ടെത്തിയ മുറിവുകൾ മൃഗങ്ങളുമായി വളരെ അടുത്ത് വന്ന് വേട്ടയാടുമ്പോൾ സംഭവിക്കുന്നതാണെന്നും ഇത് നിയാണ്ടർതാലുകളുടെ സവിശേഷതയാണെന്നും ഗവേഷകർ പറയുന്നു. ഇതിനർത്ഥം ഇരയെ കീഴടക്കാൻ വേട്ടക്കാർക്ക് അതിന്റെ മേൽ ചാടിക്കയറി ആക്രമിക്കേണ്ടി വരുമെന്നാണ്.
സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫോസിലുകളിലെ പരിക്കുകളിൽ സമാനമായ പാടുകൾ കണ്ടെത്തിയെന്നും ഗവേഷകർ അറിയിച്ചു.
പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ കാണപ്പെടുന്ന ഈസ്ട്രജൻ, അടിപ്പോനെക്റ്റിൻ ഹോർമോണുകൾ കൊഴുപ്പിനെ ദഹിപ്പിക്കുന്നതിനും മസിലുകൾ ക്ഷയിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായിച്ചുവെന്നും പഠനത്തിൽ പറയുന്നു.
ഹെലോസീൻ കാലഘട്ടത്തിലെ ആദ്യ കാല വനിതാ വേട്ടക്കാരെ ആയുധങ്ങൾക്കൊപ്പം കുഴിച്ചിട്ടതിനുള്ള തെളിവുകൾ പെറുവിൽ നിന്നാണ് ലഭിച്ചത്.
ഗർഭിണിയായിരിക്കുമ്പോഴും മുലയൂട്ടുമ്പോഴും കുഞ്ഞുങ്ങളെ പരിപാലിക്കുമ്പോഴും സ്ത്രീകൾ വേട്ട ഉപേക്ഷിച്ചു എന്ന വാദം ഇതോടെ പൊളിഞ്ഞുവെന്ന് നോട്രഡാം സർവകലാശാലയിലെ പുരാവസ്തു വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ കാര ഒക്കോബോക്ക് പറഞ്ഞു.
Content Highlight: Prehistoric women engaged in hunting, their anatomy suitable for it: US researchers