representative image
ബംഗ്ലൂര്‍: ദളിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ 21 കാരിയും ഗര്‍ഭിണിയുമായ മുസ്‌ലീം യുവതിയെ ചുട്ടുകൊന്നു. കര്‍ണാടകയിലെ ബീജാപൂര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ് ഈ ക്രൂരകൃത്യം നടത്തിയത്.
ബാനു ബീഗവും 24 കാരനായ സയബന്ന ശരണപ്പയും ബീജാപ്പൂരിലെ ഗുണ്ടകനാവല ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും ഇരുവീട്ടുകാരും ഇതിനെ എതിര്‍ത്തു. എന്നാല്‍ ഇരുവരും ബന്ധം തുടരുന്നതായി അറിഞ്ഞ് കഴിഞ്ഞ ജനുവരി 22 ന് സയബന്നയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തങ്ങളുടെ മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി കാണിച്ച് സയബന്നക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യണമെന്ന ആവശ്യവും ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നതായി ഡി.വൈ.എസ്.പി പി.കെ പാട്ടീല്‍ പറഞ്ഞു.
തുടര്‍ന്ന് ജനുവരി 24 ന് ബാനു ബീഗവും സരബണ്ണയും ഗോവയിലേക്ക് കടക്കുകയും ഫെബ്രുവരിയില്‍ അവിടെ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ബാനു ഗര്‍ഭിണിയായ ശേഷമാണ് അവര്‍ ഗോവയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടുകാര്‍ തങ്ങളെ അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും നാട്ടില്‍ തിരിച്ചെത്തിയത്.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ഇവര്‍ ബാനു ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ ഇരുവരേയും സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വലിയ വാക്കേറ്റവും ഭീഷണിയും ഉണ്ടായതായി ഡി.വൈ.എസ്.പി പറയുന്നു. സയബന്നയെ ഉപേക്ഷിക്കണമെന്ന നിലപാടില്‍ ബാനു ബീഗത്തിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു.
സയബന്നയുടെ വീട്ടുകാരും ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ വീട്ടുകാരുടെ തീരുമാനത്തെ അംഗീകരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. തുടര്‍ന്ന് രാത്രി സയബന്നയുടെ പിതാവും സഹോദരനും ചേര്‍ന്ന് സയബന്നയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ സയബന്നയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബാനു ബീഗത്തിന്റെ അമ്മ കല്ലെടുത്ത് സയബന്നയെ എറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് താലിക്കോട്ട് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ അഭയം തേടി.
ഗുരുതര പരിക്കുമായാണ് ഇദ്ദേഹം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംഭവിച്ച കാര്യങ്ങള്‍ പരാതി സഹിതം പൊലീസ് സ്റ്റേഷനില്‍ എഴുതി നല്‍കിയ ശേഷം ബാനു ബീഗത്തെ കൂട്ടിക്കൊണ്ടുപോകാനായി വീട്ടിലെത്തി. എന്നാല്‍ അപ്പോഴേക്കും അവര്‍ ബാനുവിന്റെ ദേഹത്ത് തീകൊളുത്തിയിരുന്നതായും പാട്ടീല്‍ പറയുന്നു. സയബന്നയ്ക്ക് പിന്നാലെ രണ്ട് പൊലീസുകാരും വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ എത്തുന്നതിന് മുന്‍പ് തന്നെ ബാനു ബീഗം മരണപ്പെട്ടിരുന്നു.
ബാനു ബീഗത്തിന്റെ അമ്മയേയും സഹോദരനേയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ചുട്ടുകൊല്ലുന്നതിന് മുന്‍പ് ബാനുബീഗത്തെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പൊലീസ് പറയുന്നു.