national news
തമിഴ്നാട്ടില്‍ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 08, 02:56 pm
Saturday, 8th February 2025, 8:26 pm

ചെന്നൈ: തമിഴ്‌നാട് ബെല്ലൂരില്‍ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസില്‍ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു.

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയസ്പന്ദനം നിലച്ചതായി ബെല്ലുര്‍ സര്‍ക്കാര്‍ ആശുപത്രി അറിയിച്ചു. പീഡന ശ്രമത്തിനിടെയാണ് പ്രതി യുവതിയെ ട്രെയിനില്‍ നിന്ന് തട്ടിയിട്ടത്.

ട്രാക്കില്‍ വീണ് പരിക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശിയായ 36കാരി ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ കൈകാലുകള്‍ക്കും തലയ്ക്കും പരിക്കുണ്ട്. നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രതി യുവതിയെ ആക്രമിച്ചത്.

അപകടത്തെ തുടര്‍ന്ന്, യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് റെയില്‍വേ പൊലീസ് ഇന്നലെ (വെള്ളി) പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

വ്യാഴാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു.

തിരുപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്കുള്ള കോയമ്പത്തൂര്‍-തിരുപ്പതി ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് അതിക്രമം നടന്നത്.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും 27കാരനായ ഹേമരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയുടെ പേരില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Content Highlight: Pregnant woman pushed from train in Tamilnadu; The woman’s unborn child died