നോയിഡ: ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മൂന്നു ദിവസത്തോളം പശുത്തൊഴുത്തില്‍ കെട്ടിയിട്ടു.
കൈകാലുകള്‍ ബന്ധിച്ച് വായ മൂടിക്കെട്ടിയ നിലയിലായിരുന്നു അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ പൊലീസ് സംഘം കണ്ടെത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒളിവില്‍ പോയ ഭര്‍ത്താവ് ഗൗരവിനും സഹോദരിക്കുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരവിന്റെ മാതാപിതാക്കളെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
നോയിഡയിലെ ചലേര ഗ്രാമത്തിലാണ് സംഭവം നടന്നത്. വ്യാഴ്ച രാത്രിയോടെ ഭാര്യയെ കാണാനില്ലെന്ന് ഗൗരവ് ഭാര്യവീട്ടുകാരെ അറിയിച്ചിരുന്നു. യുവതിയുടെ പിതാവ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഭര്‍തൃവീട്ടുകാരുടെ മൊഴിയെടുത്തു. മൊഴികളില്‍ വൈരുധ്യം കണ്ടത്തിയ പൊലീസ് വീടിനടുത്തു തന്നെ അന്വേഷണം ശക്തമാക്കി. ശനിയാഴ്ച രാത്രിയോടെ യുവതിയെ പശുത്തൊഴുത്തില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് തന്റെ മകളെ മാനസികമായും ശാരീരികമായും ഗൗരവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നു യുവതിയുടെ പിതാവ് ആരോപിച്ചു.
15 ലക്ഷവും വാഷിംഗ് മെഷീനും റഫ്രിജറേറ്ററും വിവാഹസമയത്ത് തന്നെ സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് ആവശ്യപ്പെട്ടതനുസരിച്ച് 20 ലക്ഷവും പുതിയ മോഡല്‍ റഫ്രിജറേറ്ററും നല്‍കി. ഇപ്പോള്‍ പുത്തന്‍ കാറ് വാങ്ങാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ മകളെ ഉപദ്രവിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.