കാസര്‍കോഡ്: ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ച കാരണം ഗര്‍ഭിണിയായ യുവതി മരിച്ചതായി ആരോപണം. കാഞ്ഞങ്ങാട്ടെ ദീപ നേഴ്‌സിങ് ഹോമിനെതിരെയാണ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ചത്.
കാഞ്ഞങ്ങാട് സ്വദേശിനിയായ ആശ എന്ന യുവതിയാണ് മരിച്ചത്. ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധമാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തുന്നത്. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.
ആശയുടെ ബന്ധുക്കള്‍ പറയുന്നു
കാഞ്ഞങ്ങാട് കുന്നുമ്മലിലെ ദീപ നേഴ്‌സിങ് ഹോമിലെ വനിതാ ഗൈനക്കോളജിസ്റ്റായ രൂപ ജി. പൈയുടെ കടുത്ത അനാസ്ഥയാണ് ആശയുടെ ജീവനെടുത്തത് എന്ന് ആശയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ മധു ഡൂള്‍ന്യൂസിനോടു പറഞ്ഞു. ആശുപത്രിയുടെ പൊയ്മുഖം സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധുവിന്റെ വാക്കുകള്‍:
“ഏട്ടത്തിയമ്മ (ആശ) നാലുമാസം ഗര്‍ഭിണിയായിരുന്നു. കടുത്ത ക്ഷീണവും ഛര്‍ദ്ദിയും കാരണം ദീപ നേഴ്‌സിങ് ഹോമില്‍ എത്തിക്കുകയായിരുന്നു. ഈ മാസം 17-ാം തിയ്യതി പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അവിടെ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡോക്ടര്‍ പരിശോധിക്കാനെത്തിയത്. അതു വരെ ഗ്ലൂക്കോസ് കയറ്റുക മാത്രമാണ് ചെയ്തത്.
ക്ഷീണമുള്ളതിനാല്‍ ഒരു ദിവസം അഡ്മിറ്റാകാന്‍ ഡോക്ടര്‍ പറഞ്ഞു. അവരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റായി. പിറ്റേന്ന് രാവിലെ ആയപ്പോഴേക്ക് ഏട്ടത്തിയമ്മ കൈ ഉയര്‍ത്താന്‍ പോലും കഴിയാത്ത വിധം ഒരു വശം തളര്‍ന്നതു പോലെയായി. ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം ക്ഷീണം കൊണ്ടാണിതെന്നും കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞു.
എന്നാല്‍ തനിക്ക് എന്തോ കുഴപ്പമുണ്ടെന്നും തീരെ വയ്യെന്നും പറഞ്ഞു. “നിന്റെ അഭിനയമല്ലേ. ഇതൊക്കെ ആള്‍ക്കാരെ കാണിക്കാന്‍ ചെയ്യുന്നതല്ലേ. ഇതിനേക്കാള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ അപ്പുറത്തുണ്ട്.” എന്നെല്ലാമാണ് ഡോക്ടര്‍ ക്ഷുഭിതയായി ചോദിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയമ്മയോടും ഡോക്ടര്‍ ചൂടായി സംസാരിച്ചു.
ഉച്ചയോടു കൂടെ ഏട്ടത്തിയമ്മയുടെ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഡോക്ടറെ വിളിച്ചെങ്കിലും അവര്‍ വരാന്‍തയ്യാറായില്ല. ജ്യേഷ്ഠന്‍ പോയി ദേഷ്യപ്പെട്ടപ്പോഴാണ് ഡോക്ടര്‍ വരാന്‍ കൂട്ടാക്കിയത്.
Click Here to Follow DoolNews on Facebook
എന്നാല്‍ അപ്പോഴേക്കും ഏട്ടത്തിയമ്മയ്ക്ക് രക്തസമ്മര്‍ദ്ദവും ശരീരത്തിലെ സോഡിയവുമെല്ലാം കുറഞ്ഞിരുന്നു. ഉടന്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഇന്‍ഫെക്ഷനായതിനാല്‍ എത്രയും പെട്ടെന്ന് മംഗലാപുരത്ത് എത്തിക്കണമെന്നും പറഞ്ഞു. രണ്ടുമണിക്കൂറോളം സമയം ഏട്ടത്തിയമ്മ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയായിരുന്നു. തുടര്‍ന്ന് ഉടന്‍ മംഗലാപുരത്തെ യൂണിറ്റി ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ എത്തിയ ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്തതത്.
രണ്ടോ മൂന്നോ ദിവസം മുന്‍പു തന്നെ കുട്ടി അബോര്‍ഷനായിപ്പോയെന്ന ഞെട്ടിക്കുന്ന വിവരമാണ് യൂണിറ്റി ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത്. ഇന്‍ഫക്ഷനുണ്ടെന്നും രക്തസമ്മര്‍ദ്ദം വളരെ കുറഞ്ഞെന്നും വൃക്കകള്‍ ഉള്‍പ്പെടെ തകരാറിലായെന്നും ഡോക്ടര്‍ പറഞ്ഞു. കണ്ണു തുറന്ന അവസ്ഥയിലാണ് എത്തിച്ചതെങ്കിലും അവയങ്ങള്‍ തകരാറിലായിരുന്നു. രണ്ടുദിവസം വെന്റിലേറ്ററിലാണ് ഏട്ടത്തിയമ്മ കിടന്നത്.
ഇനി എന്തു ചെയ്തിട്ടും കാര്യമില്ലെന്നും അത്രയും ഗുരുതരാവസ്ഥയിലാണ് രോഗിയെന്നും ഡോക്ടര്‍ അറിയിച്ചു. ഗര്‍ഭപാത്രത്തില്‍ നിന്ന് കുട്ടി മരിച്ചത് അറിയാതായിപ്പോയതാണ് ഇതിനു കാരണമെന്നും ഡോക്ടര്‍ പറഞ്ഞു. ഒരു ദിവസമെങ്കിലും മുന്‍പ് എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.”
രൂപ ജി. പൈ എന്ന ഗൈനക്കോളജിസ്റ്റിന്റെ അനാസ്ഥ ഒന്നാണ് ആശയുടെ മരണകാരണമെന്ന് മധു ആവര്‍ത്തിക്കുന്നു. തങ്ങളുടെ പ്രദേശത്ത് നല്ലൊരു ഡോക്ടര്‍ ഇല്ല. അശ്രദ്ധമായ ഇവരുടെ ചികിത്സയാണ് ആശയുടെ അകാലമരണത്തിനു കാരണം. മരുന്നു മാറി കൊടുത്തതിനാലാകാം വൃക്കകള്‍ ഉള്‍പ്പെടെ തകരാറിലായതെന്നും മധു പറയുന്നു.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ദീപ ആശുപത്രിയുടെ അനാസ്ഥ തുറന്നു കാണിക്കാനാണ് തങ്ങളുടെ ശ്രമെന്നും ഇതേ ആശുപത്രിയില്‍ നിന്ന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായ പലരും വിവരം അറിഞ്ഞ് തങ്ങളെ വിളിച്ചുവെന്നും മധു ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആശുപത്രി അധികൃതര്‍ ഇടപെട്ട് ഒത്തുതീര്‍ക്കാറാണ് പതിവ്. ഒത്തുതീര്‍പ്പിനായി ദീപ നേഴ്‌സിങ് ഹോമില്‍ നിന്നും വിളിച്ചിരുന്നെങ്കിലും തങ്ങള്‍ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടാണ് അറിയിച്ചത്. ഈ സംഭവം പരമാവധി ജനങ്ങളിലേക്ക് എത്തിക്കും. ആശുപത്രിയ്‌ക്കെതിരെ നിയമപരമായി നീങ്ങാനും ആലോചിക്കുന്നുണ്ട്. ഇനിയൊരാള്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. ഇനി മുതലെങ്കിലും അവര്‍ നല്ല രീതിയില്‍ രോഗികളെ ചികിത്സിക്കണമെന്നും മധു പറഞ്ഞു.
ആരോപണങ്ങള്‍ നിഷേധിച്ച് ദീപ നേഴ്‌സിങ് ഹോം
എന്നാല്‍ ആശയുടെ ബന്ധുക്കളുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നാണ് ദീപ നേഴ്‌സിങ് ഹോമിന്റെ വാദം. അവര്‍ പ്രചരിപ്പിക്കുന്നതെല്ലാം നൂറു ശതമാനം സത്യവിരുദ്ധമാണെന്ന് ദീപ നേഴ്‌സിങ് ഹോം പി.ആര്‍.ഒ സിസ്റ്റര്‍ മേഴ്‌സി ഡൂള്‍ന്യൂസിനടു പറഞ്ഞു.
ആശയ്ക്ക് ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വ്വരോഗമായ ഗള്ളിയന്‍ ബാരി സിന്‍ഡ്രോം ആയിരുന്നു. ആറു ഡോക്ടര്‍മാര്‍ അഞ്ചു മണിക്കൂറോളം ഐ.സി.യുവില്‍ ആശയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍മാരുടെ ഭാഗത്ത് യാതൊരു പിഴവുമില്ലെന്നും സിസ്റ്റര്‍ മേഴ്‌സി പറഞ്ഞു.
ആശ മരിക്കുന്നത് മംഗലാപുരത്തെ യൂണിറ്റി ആശുപത്രിയില്‍ വെച്ചാണ്. അവിടെ എത്തിക്കുമ്പോള്‍ ആശയ്ക്ക് ജീവനുണ്ടായിരുന്നു.
ആരോപണവിധേയയായ ഡോക്ടര്‍ രൂപ പൈ വളരെ പ്രഗത്ഭയാണ്. അവര്‍ കാര്യമായി തന്നെയാണ് ആശയെ പരിശോധിച്ചത്. ഒരു ദിവസം തന്നെ നൂറോളം രോഗകളാണ് ഡോക്ടര്‍ രൂപയെ കാണാനെത്തുന്നത്.
ആശയുടേത് അഭിനയമാണ് എന്ന് പറയുകയോ അവരോട് മോശമായി സംസാരിക്കുകയോ ഡോക്ടര്‍ ചെയ്തിട്ടില്ല. മറിച്ച് പേടിക്കാനൊന്നുമില്ല എന്നെല്ലാം പറഞ്ഞ് അവരെ സമാധാനിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്തത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. നിരവധി ഫോണ്‍കോളുകളാണ് ഇതേത്തുടര്‍ന്ന് ആശുപത്രിയിലേക്ക് വരുന്നത്. സത്യവിരുദ്ധമായ പ്രചരണത്തിനെതിരെ നിയമപരമായ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ദീപ നേഴ്‌സിങ് ഹോം പി.ആര്‍.ഒ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍
ദീപ നേഴ്‌സിങ് ഹോമിനെതിരെ ശക്തമായ പ്രതിഷേധമാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. മനേഷ് തമ്പാന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഇത് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കിയിട്ടുമുണ്ട്.
ഇന്ന് തന്നെ ആശുപത്രിയ്‌ക്കെതിരെ മറ്റൊരു ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പെട്ട് ദീപ നേഴ്‌സിങ് ഹോമിലെത്തിച്ചപ്പോള്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കുട്ടി മരിക്കുകയും ചെയ്തുവെന്നും എന്നിട്ടും മരുന്നിന്റെ ബില്ല് ബന്ധുക്കള്‍ക്ക് അടയ്‌ക്കേണ്ടി വന്നുവെന്നും മരണം നടന്നത് ആശുപത്രിയില്‍ വെച്ചാണെന്ന കാര്യം അവര്‍ നിഷേധിച്ചുവെന്നുമാണ് ഉയരുന്ന ആരോപണം.
മനേഷ് തമ്പാന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:
കണ്ണീരില്‍ കുതിര്‍ന്ന ദിനം..
ആദരാജ്ഞലികള്‍ പൊന്നുമോളെ..
കാഞ്ഞങ്ങാട്ടെ “പ്രമുഖ” അല്ലെങ്കില്‍ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവര്‍ പ്രമുഖര്‍ എന്ന് വിശേഷിപ്പിച്ചാല്‍ മതി..
ഞങ്ങള്‍ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാര്‍ എന്ന് സ്വയം കരുതുന്ന ഡോക്ടര്‍ മാരുടെ അശ്രദ്ധ കാരണം ഞങ്ങള്‍ക്ക് നഷ്ടമായത്…
എല്ലാമെല്ലാമായ ഞങ്ങളുടെ ആശേച്ചിയെ ആണ്…
ആശേച്ചി ഞങ്ങള്‍ക്ക് ആരായിരുന്നു എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമില്ല… കൂടെ പിറന്ന പെങ്ങള്‍, ഏട്ടത്തി അമ്മ, ബെസ്‌ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്..
ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങള്‍ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാര്‍ത്തിക് (കണ്ണന്‍) ന്റെ പെറ്റമ്മയെ ആണ്….
ഒന്ന് മനസിലാക്കുക
നിര്‍ത്താതെയുള്ള ചര്‍ധിയും, ക്ഷീണവും കാരണം നാല് മാസം ഗര്‍ഭിണിയായിരുന്ന ആശയെ 17.3.2018 ശനിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നു.
ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു.അപ്പോള്‍ ഡോക്ടര്‍ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങള്‍ കൂട്ട് നിക്കരുതെന്ന്.
രോഗിയുടെ ദയനീയമായുള്ള കരച്ചില്‍ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്‌സിനെയും ഡോക്റ്റര്‍മാരെയുമൊക്കെ ബന്ധപ്പെട്ടപ്പോള്‍ എല്ലാവരും പുഛിച്ച് തള്ളുക മാത്രമാണ് ചെയ്തത്.
രോഗിയുടെ അവസ്ഥയെ എല്ലാ അര്‍ത്ഥത്തിലും ഡോക്ടര്‍ വേണ്ട വിധത്തില്‍ കണ്ട് ചികിത്സ നല്കുനില്ലന്ന് ബന്ധുക്കള്‍ക്ക് മനസിലായപ്പോള്‍, 18.3.2018 വൈകുന്നേരം ബന്ധുക്കള്‍ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു.
അവിടെയുള്ള ഡോക്ടര്‍ മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങള്‍ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവന്‍ ഇന്‍ഫെക്ഷെന്‍ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാന്‍ ഒരു ശദമാനമേ ചാന്‍സുള്ളൂ എന്നും പറയുന്നു.
ഗര്‍ഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ,അല്ലങ്കില്‍ അത് തിരിച്ചറിയാനോ ഗര്‍ഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകള്‍ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്കേട് മറച്ച് രണ്ട് ജീവന്‍ കൊണ്ട് പന്താടി.
ഭൂമാഫിയയുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന
വാസു ഡോക്ടറെയും, രൂപ പൈ യെയും പോലുള്ളവര്‍ക്ക് ഇത് മനസിലാക്കണമെന്നില്ല…
നിങ്ങളുടെ മേല്‍ വിശ്വാസം അര്‍പ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുട കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ദൈവ തുല്യനാണ്.. ആ വിശ്വാസം ആണ് തകര്‍ന്നടിഞ്ഞത്…..
പണത്തിനോടുള്ള ആര്‍ത്തി മൂത്ത് നിങ്ങള്‍ കാട്ടികൂട്ടുന്ന ഈ ചെയ്തികള്‍ക്ക് എല്ലാറ്റിനും മുകളില്‍ പരമ കാരുണികനായ സര്‍വ്വ ശക്തന്റെ മുന്നില്‍ മറുപടി പറയേണ്ട ഒരു ദിനം വരും…..
ആ കാലം വിദൂരമല്ല..
ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോമില്‍ ചികിത്സ തേടി പോകരുത്.
ആദരാജ്ഞലികള്‍ പൊന്നുമോളെ….
തത്സമയ വാര്‍ത്തകള്‍ ലഭിക്കാനായി ഡൂള്‍ന്യൂസിനെ ഫേസ്ബുക്കില്‍ പിന്തുടരാം.