സഫൂറ സര്‍ഗാറിന് ജാമ്യം
Daily News
സഫൂറ സര്‍ഗാറിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd June 2020, 2:47 pm

ന്യൂദല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിയും കോഡിനേഷന്‍ കമ്മിറ്റി അംഗവുമായ സഫൂറ സര്‍ഗാറിന് ജാമ്യം.

ജസ്റ്റിസ് രാജീവ് ശാക്ദര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 10000 രൂപ ബോണ്ടായി കെട്ടിവെക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇടപെടത്തക്ക രീതിയിലുള്ള നടപടികളൊന്നും കക്ഷിയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ദല്‍ഹിയില്‍ നിന്നും പുറത്തുപോകണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങണം. ഓരോ 15 ദിവസം കൂടുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനെ ടെലഫോണില്‍ ബന്ധപ്പെടണമെന്നും കോടതി ആവശ്യപ്പെട്ടു.

സഫൂറയ്ക്ക് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടാണ് ദല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സഫൂറയുടെ ജാമ്യത്തെ പൊലീസ് എതിര്‍ത്തിരുന്നു.

ദല്‍ഹി തീഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ 39 സ്ത്രീകള്‍ പത്ത് വര്‍ഷത്തിനിടെ പ്രസവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണെന്ന കാരണം പറഞ്ഞ് സഫൂറ സര്‍ഗാറിനെ ജാമ്യത്തില്‍ വിടരുതെന്നുമായിരുന്നു പൊലീസിന്റെ വാദം.

23 ആഴ്ച ഗര്‍ഭിണിയായ സഫൂറയെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ സഫൂറ തീഹാര്‍ ജയിലില്‍ കഴിയുന്നത് അവരുടെ ആരോഗ്യത്തെ തന്നെ ബാധിക്കുമെന്ന വാദവും ഉയര്‍ന്നിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ദല്‍ഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരായത്. ജാമ്യ ഹരജിയിലെ മെറിറ്റിലേക്ക് താന്‍ കടക്കുന്നില്ലെന്നും മുന്‍പുള്ള കീഴ്‌വഴക്കങ്ങള്‍ പരിശോധിക്കുന്നില്ലെന്നും സഫൂറയ്ക്ക് ജാമ്യം അനുവദിക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും എന്നാല്‍ അന്വേഷണത്തില്‍ യാതൊരു വിധത്തിലുള്ള ഇടപെടലും കക്ഷിയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.

ജാമ്യം അനുവദിച്ചാലും സഫൂറ ദല്‍ഹിയില്‍ തന്നെ തുടരണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ സഫൂറയ്ക്ക് ചികിത്സയുടെ ഭാഗമായി ഫരീദാഫാദില്‍ പോകേണ്ടി വരുമെന്ന് അഭിഭാഷക നിത്യ രാമകൃഷ്ണ കോടതിയെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും അത് വഴി വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയും ആളുകളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. അക്രമസംഭവവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിനാണ് സഫൂറ സര്‍ഗാറിനെ അറസ്റ്റ് ചെയ്തത്.