| Sunday, 25th September 2016, 9:06 am

'അവര്‍ ഗര്‍ഭിണിയായ എന്റെ ഭാര്യയുടെ വയറിലും ദേഹത്തും വടികൊണ്ടടിച്ചു' ചത്തപശുവിനെ സംസ്‌കരിക്കാന്‍ വിസമ്മതിച്ചതിന് മര്‍ദ്ദനം നേരിട്ട ദളിത് യുവാവ് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

“വീട്ടിലേക്കു കടക്കുന്നതിനു മുമ്പ് അവര്‍ എന്നെ അടിച്ചു, ചീത്തവിളിച്ചു. ഗര്‍ഭിണിയായ എന്റെ ഭാര്യ സംഗീതയുടെ വയറിലും ശരീരത്തിലും വടികൊണ്ട് അടിച്ചു.” അദ്ദേഹം പരാതിയില്‍ പറയുന്നു.


പലന്‍പൂര്‍ (ഗുജറാത്ത്): ചത്തപശുവിനെ സംസ്‌കരിക്കാന്‍ വിസമ്മതിച്ച ദളിത് കുടുംബത്തിന് മര്‍ദ്ദനം. ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

നിലേഷ്ഭായ് ധുനാഭായ് റാന്‍വാസിയ എന്നയാള്‍ക്കും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. ചത്തപശുവിനെ സംസ്‌കരിക്കാന്‍ വിസമ്മതിച്ച തന്നെയും കുടുംബത്തെയും ദര്‍ബാര്‍ സമുദായത്തില്‍പ്പെട്ട പത്തോളം പേര്‍ മര്‍ദ്ദിച്ചെന്നാണ് നിലേഷ്ഭായ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

“വീട്ടിലേക്കു കടക്കുന്നതിനു മുമ്പ് അവര്‍ എന്നെ അടിച്ചു, ചീത്തവിളിച്ചു. ഗര്‍ഭിണിയായ എന്റെ ഭാര്യ സംഗീതയുടെ വയറിലും ശരീരത്തിലും വടികൊണ്ട് അടിച്ചു.” അദ്ദേഹം പരാതിയില്‍ പറയുന്നു.

ഫാമില്‍ പോയി ചത്തപശുവിനെ നീക്കം ചെയ്തില്ലെങ്കില്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ആറുപേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.

സംഗീതയെ പലന്‍പൂര്‍ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഭതാവര്‍സിങ് ചൗഹാന്‍, മക്‌നുസിങ് ചൗഹാന്‍, യോഗ്നിസിങ് ചൗഹാന്‍, ഭവാര്‍സിങ് ചൗഹാന്‍, ദില്‍വിര്‍സിങ് ചൗഹാന്‍ നരേന്ദ്ര സിങ് ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more