| Saturday, 31st August 2024, 8:33 am

പാരാലിമ്പിക്‌സിൽ ചരിത്രമെഴുതി പ്രീതി പാൽ; ഇന്ത്യൻ വേഗതയുടെ രാജകുമാരിയുടെ ഉദയം

സ്പോര്‍ട്സ് ഡെസ്‌ക്

2024 പാരീസ് പാരാലിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടി ഇന്ത്യന്‍ താരം പ്രീതി പാല്‍. വെറും 14.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പ്രീതി മെഡല്‍ സ്വന്തമാക്കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് പ്രീതി പാരീസില്‍ രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് പ്രീതി പാല്‍ സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടമാണ് പ്രീതി സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ദീപ മാലിക് ആയിരുന്നു. 2016 റിയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ വെള്ളി മെഡലായിരുന്നു ദീപ നേടിയത്.

ഇതിനുപുറമേ മറ്റൊരു നേട്ടവും പ്രീതി സ്വന്തം പേരില്‍ കുറിച്ചു. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതയായി മാറാനും പ്രീതിക്ക് സാധിച്ചു. ദീപ മാലിക്, അവനി ലേഖര, ഭവിന പട്ടേല്‍, മോന അഗാര്‍വാള്‍ എന്നീ താരങ്ങള്‍ക്ക് ശേഷമാണ് പ്രീതി ഈ നേട്ടം കൈപിടിയിലാക്കിയത്.

ഈ വിഭാഗത്തില്‍ ചൈനയുടെ ഷൗ സിയ 13.58 എന്ന സമയത്ത് ഫിനിഷ് ചെയ്ത് സ്വര്‍ണവും ഗുവോ ക്വിയാന്‍ക്വാന്‍ 13.74 എന്ന ടൈമിങ്ങില്‍ ഫിനിഷ് ചെയ്ത് വെള്ളിയും സ്വന്തമാക്കി.

പ്രീതി ഇതിന് മുമ്പ് ഈ വര്‍ഷമാദ്യം നടന്ന ലോക പാര അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 200 മീറ്റര്‍ വിഭാഗത്തിലും പ്രീതി വെങ്കലമെഡല്‍ നേടിയിരുന്നു. ഇതിനുപുറമേ ഈ വര്‍ഷം തന്നെ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ പാരാ അത്ലറ്റിക്‌സ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്റര്‍നാഷണല്‍ പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ മെഡലും പ്രീതിയുടെ അക്കൗണ്ടിലുണ്ട്.

നിലവില്‍ നാല് മെഡലുകളുമായി 17 സ്ഥാനത്താണ് ഇന്ത്യ. ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇതിനോടകം തന്നെ ഇന്ത്യ നേടിയത്.

Content Highlight: Preethi Pal Create a History in Paralympics 2024

We use cookies to give you the best possible experience. Learn more