തിരുവനന്തപുരം: സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയേയും കുടുംബത്തേയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ധനമന്ത്രി തോമസ് ഐസകിന്റെ ചേംബറിലാണ് ചര്‍ച്ച. ബാങ്ക് അധികൃതരെയും സ്ഥലം വാങ്ങിയ ആളെയും സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ പ്രീത ഷാജിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്തെത്തി. നീതിക്ക് വേണ്ടിയുള്ള സമരമാണ് പ്രീത ഷാജിയുടേതെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
പ്രീത ഷാജിയുടേയും കുടുംബത്തിന്റേയും വിഷയത്തില്‍ ഇടപെടാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉറപ്പ് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയെ കേരളാ ഹൗസില്‍ നേരിട്ട് കാണാനെത്തുകയായിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ധനമന്ത്രി തോമസ് ഐസക്കിനോട് താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൊച്ചിയില്‍ നിരാഹാര സമരം ഇരിക്കുന്ന പ്രീത ഷാജിയെ ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പിണറായിയെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സമീപിച്ചത്.
സുഹൃത്തിന് വായ്പയെടുക്കാന്‍ ജാമ്യം നിന്നാണ് ഇടപ്പള്ളി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയായത്. ഹൈക്കോടതി വിധിയും ബാങ്കിന് അനുകൂലമായി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ജപ്തിക്ക് ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്നിരുന്നു.
ജാമ്യം നിന്ന് വായ്പയെടുത്തതിന്റെ പേരില്‍ 18.5 സെന്റ് ഭൂമിയും വീടും ജപ്തി ഭീഷണി നേരിട്ട പ്രീത ഷാജി 2018 ഫെബ്രുവരി 15നാണ് സമരം ആരംഭിച്ചത്.