| Friday, 13th July 2018, 10:23 am

സര്‍ഫാസി വിരുദ്ധ സമരനേതാക്കളായ പി.ജി മാനുവലും വി.സി ജെന്നിയും അറസ്റ്റില്‍; അറസ്റ്റ് പ്രീതാ ഷാജിയുടെ വീടിന്റെ ജപ്തി തടഞ്ഞതിന്റെ പേരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്തെ പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കം തടഞ്ഞതിന്റെ പേരില്‍ സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തകരായ പി.ജി മാനുവലിനേയും വി.സി ജെന്നിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി ഒരുമണിക്കാണ് വരാപ്പുഴ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രീത ഷാജിയുടെ സമരത്തിന് മാനുവലും വി.സി ജെന്നിയും അടങ്ങുന്നവരാണ് നേതൃത്വം നല്‍കിയിരുന്നത്. പ്രീതയുടെ വീട് ജപ്തി ചെയ്യാന്‍ രണ്ട് തവണ കോടതി ഉത്തരവുമായി വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നെങ്കിലും സമരസമിതി പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല.

ജപ്തി നടപടികള്‍ തടഞ്ഞ നാലുപേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നാലുപേരും സര്‍ഫാസി ഇരകളുമാണ്. സമരക്കാര്‍ക്ക് നേരെ അന്ന് പൊലീസ് ജലപ്രയോഗം നടത്തിയത് വലിയ സംഘര്‍ഷത്തിനും വഴിവച്ചിരുന്നു.


ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളുടെ ലൈസന്‍സ് റദ്ദ് ചെയ്യും;ഹരിയാന മുഖ്യമന്ത്രി


ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിനെ തുടര്‍ന്ന് കടത്തിലായ മാനത്തുപാടത്ത് പ്രീതാഷാജിയെയും കുടുംബത്തെയും ഒഴിപ്പിച്ച് വീട് ജപ്തി നടപടി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷന്‍ കഴിഞ്ഞ തിങ്കളാഴ്ച പ്രീത ഷാജിയുടെ വീട്ടിലേക്ക് എത്തിയിരുന്നു.

എന്നാല്‍ ഇവര്‍ക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമായിരുന്നു നടന്നത്. പന്തങ്ങളും പെട്രോള്‍ കന്നാസുകളുമേന്തി പ്രതിഷേധക്കാര്‍ ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തില്‍ നാട്ടുകാരടങ്ങിയ പ്രതിഷേധക്കാര്‍ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും ചെയ്തിരുന്നു.

രണ്ടരക്കോടിയുടെ വസ്തു നോട്ടീസ് പോലും തരാതെ അവര്‍ ജപ്തി ചെയ്യാന്‍ വരികയാണെന്നും ഭൂമാഫിയക്ക് ഒത്താശ ചെയ്ത് ബാങ്ക് അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും പ്രീത ഷാജിയും ആരോപിച്ചിരുന്നു.


സോഷ്യല്‍ മീഡിയയിലൂടെ വനിത പൊലീസുകാരിയ്ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍


50 ലക്ഷം രൂപ വരെ തിരിച്ചടക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പക്ഷേ അവര്‍ തയ്യാറാകുന്നില്ലെന്നും ഞങ്ങളെ ഇവിടെ നിന്നും കുടിയിറക്കണമെന്ന് ഭൂമാഫിയക്കാണ് നിര്‍ബന്ധമെന്നും പ്രീത ഷാജി പറഞ്ഞിരുന്നു.

എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും പ്രീത ഷാജിയുടെ വീടൊഴിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. രാജ്യത്തെ നിയമസംവിധാനം തകര്‍ക്കരുതെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നാല് ആഴ്ചത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. സാമൂഹിക പ്രത്യാഘാതങ്ങള്‍ മൂലമാണ് ഉത്തരവ് നടപ്പാക്കാന്‍ കഴിയാതിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ സുഹൃത്തിനായി പ്രീത ഷാജിയുടെ കുടുംബം 1994ല്‍ ജാമ്യം നിന്നിരുന്നു. കുടിശ്ശിക 2.7 കോടി രൂപയായെന്നും പറഞ്ഞ് എച്ച്.ഡി.എഫ്.സി ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപയ്ക്കാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആ ര്‍ടി) ലേലത്തില്‍ വിറ്റത്.

കിടപ്പാടം പിടിച്ചെടുക്കാന്‍ അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും ജനകീയ പ്രതിഷേധം മൂലം സാധിച്ചില്ല. തുടര്‍ന്നാണ് ലേലം നേടിയ എം എന്‍ രതീഷ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം കിടപ്പാടം ഏറ്റെടുക്കണമെന്ന് ജൂണ്‍ 18ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

രണ്ടുതവണ ശ്രമിച്ചെങ്കിലും കിടപ്പാടം ഏറ്റെടുക്കാന്‍ സാധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഭര്‍ത്താവ് ഷാജി, മകന്‍ അഖില്‍, മകന്റെ ഭാര്യ അനു, ഏഴു മാസം പ്രായമുള്ള എന്നിവരാണ് ഇവിടെ താമസിക്കുന്നത്.

സുഹൃത്തിനു വേണ്ടി രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് രണ്ടര കോടി വിലമതിക്കുന്ന ഷാജിയുടെ കിടപ്പാടം രണ്ടു കോടി മുപ്പത് ലക്ഷം കുടിശ്ശികയെന്ന കണക്കുമായി എച്ച്.ഡി.എഫ്.സി ബാങ്ക് ജപ്തി നടപടികളുമായി വന്നത്.

We use cookies to give you the best possible experience. Learn more