കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്തെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രീത ഷാജി.
രണ്ടരക്കോടിയുടെ വസ്തു നോട്ടീസ് പോലും തരാതെ അവര്‍ ജപ്തി ചെയ്യാന്‍ വരികയാണെന്നും ഭൂമാഫിയക്ക് ഒത്താശ ചെയ്ത് ബാങ്ക് അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും പ്രീത ഷാജി പറയുന്നു.
“”പല സ്ഥലത്തും ഞങ്ങള്‍ ചര്‍ച്ചയ്ക്ക് ചെന്നു. 50 ലക്ഷം രൂപ വരെ തിരിച്ചടക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ അവര്‍ തയ്യാറാകുന്നില്ല. പരിഹാരം കാണുന്നത് വരെ ജപ്തി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്.
ഞങ്ങളെ ഇവിടെ നിന്നും കുടിയിറക്കണമെന്ന് ബാങ്കിനല്ല ഭൂമാഫിയക്കാണ് നിര്‍ബന്ധം. പെട്രോളില്‍ കുളിച്ചാണ് ഞാന്‍ നില്‍ക്കുന്നത്. ജപ്തിക്കായി ഇങ്ങോട്ട് ആരെങ്കിലും കയറിയാല്‍ ഞങ്ങള്‍ അപ്പോള്‍ കത്തിക്കും.
എന്തിനാണ് ഇങ്ങനെയൊരു ജീവിതം. എല്ലാവരോടും ഞങ്ങള്‍ പറഞ്ഞു. കാര്യമുണ്ടായില്ല. ഒരു കോടി രൂപ വേണം ഇല്ലെങ്കില്‍ കുടിയിറക്കുമെന്നാണ് അവര്‍ പറയുന്നത്.
മനസാക്ഷിയില്ലാത്ത റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കൊപ്പമാണ് കോടതിയും സര്‍ക്കാരും നില്‍ക്കുന്നത്. പാവപ്പെട്ട കുടുംബത്തോട് എന്തിന് വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്.”” പ്രീത ഷാജി ചോദിക്കുന്നു.
പ്രീത ഷാജിക്ക് പിന്തുണയുമായി നിരവധി നാട്ടുകാരാണ് പ്രദേശത്ത് സംഘടിച്ചിരിക്കുന്നത്. പന്തങ്ങളും പെട്രോള്‍ കന്നാസുകളുമേന്തി പ്രതിഷേധക്കാര്‍ ആത്മഹത്യാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഒരു ഘട്ടത്തില്‍ നാട്ടുകാരടങ്ങിയ പ്രതിഷേധക്കാര്‍ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും ചെയ്തു. ഉടന്‍ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന ഫയല്‍ഫോഴ്സ് സംഘം തീയണക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷന്‍ തിങ്കളാഴ്ച രാവിലെ ഇവിടേക്ക് എത്തുമെന്നാണ് വിവരം. ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഈ വിവരം അറിഞ്ഞതു മുതല്‍ സ്ഥലത്ത് കനത്ത പ്രതിഷേധമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്നത്.
രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ സുഹൃത്തിനായി പ്രീത ഷാജിയുടെ കുടുംബം 1994ല്‍ ജാമ്യം നിന്നിരുന്നു. കുടിശ്ശിക 2.7 കോടി രൂപയായെന്നും പറഞ്ഞ് എച്ച്.ഡി.എഫ്.സി ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപയ്ക്കാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആ ര്‍ടി) ലേലത്തില്‍ വിറ്റത്.
കിടപ്പാടം പിടിച്ചെടുക്കാന്‍ അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും ജനകീയ പ്രതിഷേധം മൂലം സാധിച്ചില്ല. തുടര്‍ന്നാണ് ലേലം നേടിയ എം എന്‍ രതീഷ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം കിടപ്പാടം ഏറ്റെടുക്കണമെന്ന് ജൂണ്‍ 18ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രണ്ടുതവണ ശ്രമിച്ചെങ്കിലും കിടപ്പാടം ഏറ്റെടുക്കാന്‍ സാധിച്ചില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
ഭര്‍ത്താവ് ഷാജി, മകന്‍ അഖില്‍, മകന്റെ ഭാര്യ അനു, ഏഴു മാസം പ്രായമുള്ള എന്നിവരാണ് ഇവിടെ താമസിക്കുന്നത്.
സുഹൃത്തിനു വേണ്ടി രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് രണ്ടര കോടി വിലമതിക്കുന്ന ഷാജിയുടെ കിടപ്പാടം രണ്ടു കോടി മുപ്പത് ലക്ഷം കുടിശ്ശികയെന്ന കണക്കുമായി എച്ച്ഡിഎഫ്‌സി ബാങ്ക് ജപ്തി നടപടികളുമായി വന്നത്.
ഇതില്‍ പ്രതിഷേധിച്ച് വീട്ടില്‍ ചിതയൊരുക്കി സമരവും, പിന്നീട് നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രീത ഷാജി പിന്നീട് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഉണിച്ചിറ ശാഖയുടെ മുന്നിലേക്ക് നിരാഹാരം മാറ്റുകയുണ്ടായി. കളമശേരി എം.എല്‍.എ വി.എ.ഇബ്രാഹിംകുഞ് നിയമസഭയില്‍ പ്രീതയുടെ സമരത്തെക്കുറിച്ച് സബ്ബ്മിഷന്‍ അവതരിപ്പിച്ചിരുന്നു.
ഇതിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടമ്മയുടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍
എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് കുമാര്‍ പ്രീതയുടെ വീട്ടിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീട്ടമ്മ നിരാഹാരം അവസാനിപ്പിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്കും റിയല്‍ എസ്റ്റേറ്റ് സംഘവും ചേര്‍ന്ന് ഡെബിറ്റ് റിക്കവറി ട്രിബുണലിലെ റിക്കവറി ഓഫീസറുടെ ഒത്താശയോടെ 38 ലക്ഷം രൂപക്ക് ലേലം ചെയ്ത് വിറ്റിരുന്നു.
ഇത് ഷാജിയുടെ അറിവോടെ അല്ലായിരുന്നു. 2017 ല്‍ ജുബിത്തി ചെയ്യാന്‍ വന്നതിനെ തുടര്‍ന്ന് ഷാജിയുടെ അമ്മ കമലാക്ഷി ഹൃദയാഘാതം വന്നു മരണപ്പെട്ടിരുന്നു. എന്നിട്ടും ഈ കച്ചവട സംഘം രണ്ട കോടി ലാഭം കിട്ടുമെന്നതിന്റെ പേരില്‍ മുന്നോട്ടു പോകുകയായിരുന്നുവെന്നു ഷാജി പറയുന്നു.
ഷാജിയുടെ പുരയിടത്തിന്റെ ആധാരവും സുഹൃത്ത് സാജന്‍ എന്നയാളുടെ വര്‍ക്ക്‌ഷോപ്പും ഈട് നല്‍കി സാജന്റെ പേരില്‍ മൂന്ന് ലക്ഷം രൂപ ലോഡ് കൃഷ്ണ ബാങ്കില്‍ നിന്ന് 1994 ല്‍ ലോണെടുത്തു. ഷാജി ആ സമയത്ത് സാജന്റെ കൂടെ ജോലി ചെയ്ത് വരികയായിരുന്നു.
ലോണ്‍ തുകയില്‍ രണ്ടേകാല്‍ ലക്ഷം രൂപ സാജനും 75000 രൂപ ഷാജിയുമെടുത്തു. പിന്നീട് ഷാജിയുടെ നാല് സെന്റ് സ്ഥലം വിറ്റ് 75000 രൂപ ബാങ്കിലടച്ചിരുന്നു. ഇതിനിടെ ലോഡ് കൃഷ്ണ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിപ്പിച്ചു. തുടര്‍ന്ന് സെഞ്ചുറിയന്‍ ബാങ്കിനെ എച്ച്.ഡി.എഫ്.സി ബാങ്കിലും. സാജിന്റെ ഭാഗത്ത് നിന്നും ഒരു രൂപ പോലും ബാങ്കിലേക്കടച്ചില്ല. അയാളുടെ വര്‍ക്ക്‌ഷോപ്പ് നേരത്തെ തന്നെ പൂട്ടിപ്പോയി.
അയാളുടെ പേരില്‍ ചേര്‍ത്തലയിലുണ്ടായിരുന്ന 51 സെന്റ് ഭൂമി മറ്റ് ആരുടെയോ പേരിലേക്ക് മാറ്റി റജിസ്റ്റര്‍ ചെയ്തതായി ഷാജി പറഞ്ഞു. ഇതിനിടെ അന്നത്തെ രണ്ടേകാല്‍ ലക്ഷം രൂപ ഇപ്പോള്‍ 2 കോടി 70 ലക്ഷമായെന്നാണ് എച്ച്.ഡി.എഫ്.സി ബാങ്കകാരുടെ നിലപാട്. ഈ തുക വസുലാക്കാനായി ബാങ്ക് നടത്തിയ ഇ-ടെണ്ടറിലൂടെ ഷാജിയുടെ 18.5 സെന്റ് ഭൂമിയും വീടും 37.80 ലക്ഷം രൂപയ്ക്ക് രതീഷ് നാരായണന്‍ എന്നൊരാള്‍ വാങ്ങി.
നിലവില്‍ രണ്ടു കോടിയോളം രൂപ വിലവരുന്ന സ്ഥലമാണ്. സ്വന്തം കിടപ്പാടം വിട്ട് ഇങ്ങോട്ടും ഇറങ്ങില്ലെന്നും ജപ്തി നടപടികളുമായി വന്നാല്‍ മറിക്കാന്‍ തന്നെയാണ് തീരുമാനമെന്നും പ്രീത പറഞ്ഞു.
മാനാത്ത് പാടത്ത് ഷാജിയെയും കുടുംബത്തെയും അവരുടെ വീട്ടില്‍ നിന്ന് കുടിയിറക്കാനനുവദിക്കില്ലെന്ന് സി.പി.ഐ.എം ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഇതിനാവശ്യമായ എല്ലാ പിന്തുണയും കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്തി ചെയ്യാനുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു.
പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇപ്പോഴുള്ള നടപടികള്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ അടക്കമുള്ളവരുമായി ബാങ്ക് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
കോടതി നടപടിയെ ചോദ്യം ചെയ്യാന്‍ എനിക്ക് കഴിയില്ല. എങ്കിലും അവരെ അവിടെ താമസിക്കാന്‍ അനുവദിക്കണം. ഇറക്കിവിടാനുള്ള നടപടി ശരിയാണെന്ന് കരുതുന്നില്ല.
പതിനായിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത് നീരവ് മോദിയും വിജയ് മല്യയും രാജ്യം വിട്ടപ്പോള്‍ കാണിക്കാത്ത വികാരവും പരവേശവും ഇപ്പോള്‍ മാത്രം എന്തിനാണ് കാണിക്കുന്നതെന്നും തോമസ് ഐസക് ചോദിച്ചു.
സമാധാനത്തോടെ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ബാങ്ക് തയ്യാറാകണം. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
കോടതിയെ ചോദ്യം ചെയ്യുന്നില്ലെന്നും എങ്കിലും സംഘര്‍ഷത്തിന് അയവുവരുത്താനും സമാധാനം ഉണ്ടാക്കാനും കോടതി ഇടപെടണമെന്നും പി.ടി തോമസ് എം.എല്‍.എയും ആവശ്യപ്പെട്ടു.
ജപ്തി നടപടി നിര്‍ത്തിവെക്കാന്‍ ബാങ്ക് തയ്യാറാകണം. ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറായിരുന്നു. എന്നാല്‍ ബാങ്ക് മനുഷ്യത്വ രഹിതമായ നടപടി സ്വകീരിച്ചതായാണ് അറിയുന്നതെന്നും പി.ടി തോമസ് പറഞ്ഞു.
തങ്ങളുടെ സമരം ന്യായമാണെന്നും ജീവന്‍ കൊടുത്തും ജപ്തി തടയുമെന്നും പ്രീത ഷാജിക്ക് പിന്തുണ നല്‍കിക്കൊണ്ട് നാട്ടുകാരും പറഞ്ഞു.