| Tuesday, 17th July 2018, 2:12 pm

ഡി.ആര്‍.ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ പ്രീത ഷാജിയെയും പ്രതിഷേധക്കാരേയും അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായി ഡി.ആര്‍.ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു.

പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു പ്രീത ഷാജിയുടെയും സമരസമിതിയുടെയും പ്രതിഷേധം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്.

എന്നാല്‍ സമരത്തിനായി പ്രീത ഷാജിയും പ്രതിഷേധക്കാരും എത്തിയപ്പോഴേക്കും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
ജപ്തി നടപടി തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് 12 പെരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കം തടഞ്ഞതിന്റെ പേരില്‍ സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തകരായ പി.ജി മാനുവലിനേയും വി.സി ജെന്നിയേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


കെ.കെ ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമോ; ഡോ.എം ലീലാവതി


പ്രീത ഷാജിയുടെ സമരത്തിന് മാനുവലും വി.സി ജെന്നിയും അടങ്ങുന്നവരാണ് നേതൃത്വം നല്‍കിയിരുന്നത്. പ്രീതയുടെ വീട് ജപ്തി ചെയ്യാന്‍ രണ്ട് തവണ കോടതി ഉത്തരവുമായി വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നെങ്കിലും സമരസമിതി പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല.

ജപ്തി നടപടികള്‍ തടഞ്ഞ നാലുപേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നാലുപേരും സര്‍ഫാസി ഇരകളുമാണ്. സമരക്കാര്‍ക്ക് നേരെ അന്ന് പൊലീസ് ജലപ്രയോഗം നടത്തിയത് വലിയ സംഘര്‍ഷത്തിനും വഴിവച്ചിരുന്നു.

മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കഴിഞ്ഞ ആഴ്ച ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി ബന്ധുവായ സാജന് വേണ്ടി രണ്ടു ലക്ഷം രൂപയുടെ വായ്പയ്ക്ക് ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെന്റ് കിടപ്പാടം ഈട് നല്‍കുകയും ചെയ്തു.


അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് സര്‍ക്കാര്‍; അങ്ങനെ കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി


പിന്നീട് ലോര്‍ഡ് ബാങ്ക് തകരുകയും ബാങ്കിനെ എച്ച്.ഡി.എഫ്.സി ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ബാങ്കില്‍ തിരിച്ചടവ് മുടങ്ങിയതോടെ വന്‍തുക കുടിശ്ശിക വന്നു.

തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയ്യാറായെങ്കിലും എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍തുക ആവശ്യപ്പെടുകയായിരുന്നു. 2.3 കോടി അടക്കണം എന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്.

ഇതേതുടര്‍ന്ന് മരണം വരെ പ്രീത ഷാജി നിരാഹാര സമരം ആരംഭിച്ചെങ്കിലും 17 ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു

We use cookies to give you the best possible experience. Learn more