|

പ്രസവാനന്തര പ്രശ്‌നങ്ങള്‍ക്ക് കുലസ്ത്രീകള്‍ പറയുന്നതല്ല പരിഹാരം

പ്രീത ജി.പി

ഗര്‍ഭകാലത്തെ ശാരീരിക പ്രശ്‌നങ്ങളുടെ എത്രയോ ഇരട്ടിയാണ് ഒരു സ്ത്രീ പ്രസവശേഷം ശാരീരിക പ്രശ്‌നങ്ങളോടൊപ്പം നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍.

അതിജീവിക്കാനുള്ള സ്ത്രീയുടെ അസാമാന്യശേഷിയുടെ പുറത്താണ് മനുഷ്യകുലം നിലനിന്നതെന്ന് തോന്നിയിട്ടുണ്ട്. വേദനകളും ശാരീരിക- മാനസിക പ്രശ്‌നങ്ങളും ബയോളജിക്കലായിത്തന്നെ ഇന്‍ബില്‍റ്റാണന്ന് തോന്നിയിട്ടുണ്ട്.

പുരുഷന് സാഹസികത തിരയേണ്ടതുണ്ട്. സ്ത്രീ ശരീരം ഒരു സാഹസികത തന്നെയാണ്. അതൊരു fragile ആയ സിസ്റ്റം അല്ല. ആയിരുന്നെങ്കില്‍ സ്ത്രീ ശരീരത്തിന്റെ സ്വഭാവിക പ്രത്യേകതകള്‍ കാരണം മനുഷ്യന്‍ വംശനാശം വന്നുപോകേണ്ട ജീവിയാണ്.

ഈ സ്ത്രീ ശരീരത്തിന്റെ സ്വഭാവികതക്ക് മുകളില്‍ സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ പുരുഷാധിപത്യത്തിന്റേതാണ്. പുരുഷാധിപത്യത്തിന്റെ ഈ അധിക സമ്മര്‍ദ്ദമാണ് സ്ത്രീയുടെ മാനസികനില തകരാറിലാക്കുന്നത്. അതായത് സ്ത്രീയുടെ ‘പ്രശ്‌നങ്ങള്‍’ സാമൂഹികമാണ്.

സാമൂഹികമായി സ്ത്രീക്ക് കിട്ടുന്നു, എന്ന് പുരുഷന്‍ കരുതുന്ന ശ്രദ്ധയോ പരിചരണങ്ങളോ പുരുഷന്റെ ഔദാര്യമല്ല. ഒരു species എന്ന നിലയിലുള്ള നിലനില്‍പ്പിന് വേണ്ട investment ആണ്. ഈ investmentനുള്ളില്‍ വന്ന അശാസ്ത്രീയതയും പുരുഷാധിപത്യ അധികാരഘടനയും ഒരു ജന്തുവര്‍ഗത്തിന്റെ ജീവിതത്തെ ദുരിതത്തിലാഴ്ത്തി എന്നതാണ്.

ഒരു സ്പീഷിസ് എന്ന നിലയില്‍ നിലനില്‍പ്പിനായുള്ള investmetnനെ പ്പോലും സ്ത്രീക്ക് വേണ്ടിയുള്ള ഔദാര്യമായി ചിത്രീകരിക്കപ്പെടുകയാണ്. ന്യൂനപക്ഷമായ ആല്‍ഫാ മെയിലുകളില്‍ നിന്ന് ഭൂരിപക്ഷം ദുര്‍ബലനായ പുരുഷന് ജീവിതം (ലൈംഗികതയും സ്വന്തം ജനിതകം കൈമാറാനുള്ള അവസരവും) സാധ്യമാകാന്‍ കൂടിയാണ് സ്ത്രീയെ സംരക്ഷിക്കുന്നു, എന്ന് പുരുഷനു തോന്നുന്ന സാമൂഹിക നിയമങ്ങളുടെ/ സ്റ്റേറ്റ് പോലെയുള്ള സംവിധാനങ്ങളുടെ നിയമങ്ങളുടെ ലക്ഷ്യം.

ഇതൊക്കെ നേരെ ഇരുന്നൊന്നു ആലോചിച്ചാല്‍ അഹന്തയങ്ങ് തീരും. അതു തന്നെയാണ് സ്ത്രീ വിരുദ്ധമായ സാമൂഹിക നിയമങ്ങളുടെ പിന്നാമ്പുറത്തുള്ളതും.

രണ്ട് കാലില്‍ നിവര്‍ന്നു നില്‍ക്കാല്‍ കഴിഞ്ഞപ്പോള്‍ കൊടുക്കേണ്ടി വന്ന വിലയായിരിക്കാം പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍. അമ്മയും കുഞ്ഞും, അമ്മയോ കുഞ്ഞോ എന്നൊക്കെയുള്ള ചോദ്യങ്ങളില്‍, മാതൃ മരണനിരക്ക്, ശിശു മരണനിരക്ക് ഇതൊക്കെ കുറക്കാന്‍ ബുദ്ധിവികാസം സഹായിച്ചിട്ടുണ്ട്. ഏതൊരു ആല്‍ഫാ മെയിലും ദുര്‍ബലമായ സുദീര്‍ഘ ശൈശവത്തില്‍ കൂടി കടന്നുപോയിട്ടുണ്ട് എന്നതും, അതേ ആല്‍ഫാ മെയിലിന് സ്വന്തം കോപ്പിയുണ്ടാക്കാനും അതിനെ സംരക്ഷിക്കാനും നല്ല രീതിയില്‍ തന്നെ invest ചെയ്യേണ്ടി വന്നതും.

യഥാര്‍ത്ഥത്തില്‍ ഈ അവസ്ഥയുടെ തുടര്‍ച്ചയായാണ് മാതൃത്വത്തിലുള്ള മനുഷ്യന്റെ അമിത പരിഗണന തന്നെയെന്ന് തോന്നിയിട്ടുണ്ട്. എല്ലാം ബയോളജിക്കല്‍ തന്നെ. പ്രസവശേഷം സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ അനവധി അസ്വസ്ഥതകള്‍ക്ക് വളമിട്ടു കൊടുക്കുന്നതാണ് നമ്മുടെ നാട്ടില്‍ പ്രസവശേഷം നടക്കുന്ന കാര്യങ്ങള്‍.

പ്രസവക്കുളിയെന്ന വിവരക്കേട് മുതല്‍. കുട്ടിയുടെ നൂലുകെട്ട്, പേരിടീല്‍ ഒക്കെ. മാനസികമായി തകര്‍ന്ന സ്ത്രീകളെ, ശരീരം വിയര്‍ത്തുലയുന്ന സ്ത്രീകളുടെ തലമണ്ടയിലൂടെ തിളച്ച വെള്ളം കോരിയൊഴിച്ച് അസ്വസ്ഥത വീണ്ടും കൂട്ടുന്ന വൃത്തികെട്ട പ്രസവശുശ്രൂഷ ഇപ്പോഴുമുണ്ട്. മുറിവുണങ്ങാന്‍ എന്നും പറഞ്ഞ് അങ്ങേയറ്റം സെന്‍സിറ്റീവായ, അതും പ്രസവകാല മുറിവുകളുള്ള പച്ച മാംസത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിക്കുന്ന രീതി.

ഇതൊക്കെ ചെയ്യുന്നവര്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്ത നാട്ടിലെ മൂത്ത കുലസ്ത്രീകളും.

അടുത്തതാണ് നൂലുകെട്ടും, പേരിടീലും. പ്രസവ ശേഷം ബീജദാതാവിന്റെ വീട്ടുകാര്‍ കൂട്ടത്തോടെ അവന്റെ കോപ്പിയുടെ മേല്‍ സാമൂഹിക അധികാരം സ്ഥാപിക്കാന്‍ വരുന്ന ചടങ്ങാണ്. അമ്മക്ക് പാലുണ്ടെങ്കില്‍ കുഴപ്പം, ഇല്ലെങ്കില്‍ കുഴപ്പം, മെലിഞ്ഞിരുന്നാല്‍ കുഴപ്പം, തടി കൂടിയാല്‍ കുഴപ്പം. കുട്ടിയുടെ ശാരീരിക നില പരിശോധിക്കല്‍. തല പരന്നിരിക്കുന്നു, ഉരുണ്ടിരിക്കുന്നു, കുട്ടി കറുത്തു പോയി, അവന്റെ ഛായയല്ല, മെലിഞ്ഞു പോയി, കൊഴുത്തു പോയി തുടങ്ങിയ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കുലസ്ത്രീകളുടെ വരവാണത്.

ഇത് റാഗിംഗ് പോലെയാണ്. തങ്ങള്‍ അനുഭവിച്ചത് ഇരട്ടിയായി വേറൊരാള്‍ക്ക് കൊടുക്കുക. പിന്നെ ‘വിദഗ്‌ധോപദേശം’ ആണ്. പ്രസവശേഷം ഒരു ഡോക്ടറുടെ നിരീക്ഷണത്തിലും, ഉപദേശത്തിലും ഒക്കെയാണ് എന്നറിഞ്ഞാലും തങ്ങളുടെ പരമ്പരാഗത പാണ്ഡ്യത്യം കെട്ടഴിച്ചിടാതെ സമാധാനം ഉണ്ടാകില്ല. അമ്മയുടെ വീട്ടില്‍ അവന്റെ കോപ്പിയുടെ പരിചരണം പോരാ എന്നതാണ്.

അവസാനം, പ്രസവിച്ചവളല്ലേ, ജീവിതം റിസ്‌ക് ചെയ്തവളല്ലേ, പോസ്റ്റ്പാര്‍ട്ടം ഒന്നും മനസ്സിലായില്ലെങ്കിലും, പാലു കുടിക്കുന്ന ഒരു കുഞ്ഞും, അതിന്റെ ശാരീരിക പ്രശ്‌നങ്ങള്‍, ഉറക്കമില്ലാത്ത രാത്രികളുടെ മാനസിക പ്രശ്‌നങ്ങള്‍, ഇതൊക്കെ അനുഭവിക്കുന്നവളല്ലേ, അവളുടെ ഇഷ്ടത്തിന് എന്താണെന്നു വെച്ചാല്‍ ചെയ്യട്ടെ, അവള്‍ക്കിഷ്ടമുള്ള പേരിടട്ടെ എന്നൊന്നും അല്ല. അവിടെയും അവരോട് ദ്വന്ദയുദ്ധത്തിന് ചെല്ലും. ഇനിയിപ്പോള്‍ എന്തായാലും സ്‌കൂളില്‍ പോകുന്ന കാലമാകുമ്പോള്‍ ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് വേണമെങ്കില്‍ മാറ്റുകയും ചെയ്യാം.

സ്ത്രീകളോടാണ്, പ്രസവശേഷം നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് വിദഗ്ധനായ ഒരു ഡോക്ടറാണ്. നിങ്ങളുടെ മാനസിക ഉല്ലാസത്തിന് കുടുംബത്തിലെ കാര്‍ന്നോര്‍മാരും, കാര്‍ന്നോര്‍ത്തികളും കൂടുന്ന പരിപാടികള്‍ ഒഴിവാക്കുക. നല്ല കാറ്റും വെളിച്ചവുമുള്ള മുറികളില്‍ മാനസിക ഉല്ലാസത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി ജീവിക്കുക.

അടച്ചിട്ട മുറികളില്‍ കഴിയാതെ മുറ്റത്തും വീടിന്റെ മുന്നാം പുറത്തും ഒക്കെ സമയം ചിലവഴിക്കുക. ബീച്ചിലും പാര്‍ക്കിലും ഒക്കെ പോകുക. കുട്ടിയുടെ അച്ഛന്റെ സാമീപ്യം ഉറപ്പിക്കുക. പെറ്റ മുറിയില്‍ കയറാത്ത പുരുഷന്മാരുണ്ട് ഇപ്പോഴും നാട്ടില്‍. പ്രസവശേഷം നിങ്ങള്‍ തമ്മിലുള്ള ശാരീരിക/ ലൈംഗിക വ്യവഹാരങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളുടെ ഗൈനക്ക് ധാരാളം മതി. കുലസ്ത്രീകള്‍ പറയുന്നതല്ല പരിഹാരം.

Content Highlight: Preetha GP on Postpartum depression and wrong customs and superstitions related to child birth

പ്രീത ജി.പി