| Tuesday, 6th August 2024, 10:50 pm

വയനാട് ദുരന്തം; കോളേജ് അഡ്മിഷനായി വിദ്യാര്‍ത്ഥിയ്ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി പരീക്ഷ ഭവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് ദുരന്തത്തെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഭാവി സംസ്ഥാന സര്‍ക്കാരില്‍ സുരക്ഷിതം. വെള്ളാര്‍മല സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടിരുന്നെങ്കിലും കോളേജ് പ്രവേശനത്തിനായി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുകയാണ് പരീക്ഷ ഭവന്‍. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ജാമിയ മിലിയ ഇസ്‌ലാമിയ കോളേജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥി അടിയന്തിരമായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കി പരീക്ഷ ഭവനിലെ ഉദ്യോഗസ്ഥന്‍ വയനാട്ടിലേക്ക് തിരിച്ചെന്ന വിവരമാണ് മന്ത്രി അറിയിച്ചരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. മുഹമ്മദ് നബീല്‍ എം. എന്ന വിദ്യാര്‍ത്ഥിക്കാണ് പരീക്ഷ ഭവന്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിരിക്കുന്നത്.

‘വയനാട് വെള്ളാര്‍മല ഗവെര്‍ന്മെന്റ് ഹൈസ്‌കൂളില്‍ നിന്നും 2018ല്‍ എസ്.എസ്.എല്‍.സി പാസായ മുഹമ്മദ് നബീല്‍ എം. എന്ന വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ഉരുള്‍പ്പൊട്ടലില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ജാമിയ മിലിയ ഇസ്‌ലാമിയ കോളേജില്‍ പ്രവേശനം ലഭിച്ച തനിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ഇന്ന് വയനാട്ടില്‍ എത്തിയപ്പോള്‍ നബീല്‍ അഭ്യര്‍ത്ഥിച്ചു.

ഉടന്‍ തന്നെ അപേക്ഷ നടപടിക്കായി പരീക്ഷ ഭവനിലേക്ക് അയച്ച് നല്‍കുകയും പരീക്ഷ ഭവനില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ സര്‍ട്ടിഫിക്കറ്റുമായി ഉദ്യോഗസ്ഥന്‍ ഇന്നുതന്നെ വയനാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. നാളെ (ഓഗസ്റ്റ് ഏഴ്) തന്നെ വെള്ളാര്‍മല ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ മുഖേന കുട്ടിക്ക് സര്‍ട്ടിഫിക്കറ്റ് നേരിട്ട് നല്‍കുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു,’ എന്നാണ് മന്ത്രി വി. ശിവന്‍കുട്ടി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യരെ ഇതുപോലെ നമുക്ക് ചേര്‍ത്ത് പിടിക്കണമെന്നും ഇതുപോലെ ദുരന്തബാധിതരുടെ പുനരധിവാസവും സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും പോസ്റ്റിന് താഴെ കമന്റ് ചെയ്യപ്പെടുന്നു. ബഹളങ്ങളൊഴിയുമ്പോഴും ഇതേ സമീപനം തുടരാനാകട്ടെയെന്നായിരുന്നു മറ്റൊരാള്‍ പങ്കുവെച്ച അഭിപ്രായം.

അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ ദീര്‍ഘകാലം ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചിരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും കൂട്ടിച്ചേര്‍ത്ത് മേപ്പാടിയില്‍ ഒരു പൊതു അദാലത്ത് സംഘടിപ്പിക്കുമെന്നും അതുവഴി രേഖകള്‍ ലഭിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Preeksha Bhawan ready to give new certificate for college admission to student who lost certificate after Wayanad tragedy

We use cookies to give you the best possible experience. Learn more