| Thursday, 29th September 2022, 2:55 pm

തിരുവനന്തപുരത്ത് ഇന്ത്യയുടെ തോല്‍വി, കൂറ്റന്‍ സിക്‌സറുകള്‍ പറത്തുന്ന ഡി കോക്കും കില്ലര്‍ മില്ലറും, ക്യൂറേറ്ററുടെ പിച്ച്; വെള്ളത്തില്‍ വരച്ച വര പോലെ പ്രവചനങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ മിന്നുന്ന വിജയം നേടിയായിരുന്നു ഇന്ത്യ തുടങ്ങിയത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. തുടക്കത്തില്‍ തന്നെ പ്രോട്ടീസ് വിക്കറ്റുകള്‍ ഒന്നൊന്നായി നിലം പൊത്തി.

ക്യാപ്റ്റന്‍ തെംബ ബാവുമയായിരുന്നു ആദ്യം പുറത്തായത്. നാല് പന്തില്‍ പൂജ്യം റണ്‍സായിരുന്നു ബാവുമ സ്വന്തമാക്കിയത്. പിന്നാലെ ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍ അടക്കമുള്ള നാല് ബാറ്റര്‍മാരും കൂടാരം കയറി. സ്‌കോര്‍ ബോര്‍ഡില്‍ കേവലം ഒമ്പത് റണ്‍സ് ചേര്‍ക്കുന്നതിന് മുമ്പായിരുന്നു പ്രോട്ടീസ് വിക്കറ്റുകള്‍ വീണത്.

ഏയ്ഡന്‍ മര്‍ക്രമും കേശവ് മഹാരാജും നടത്തിയ ചെറുത്തുനില്‍പാണ് സൗത്ത് ആഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്നും കര കയറ്റിയത്. ഇരുവരുടെയും ഇന്നിങ്‌സാണ് പ്രോട്ടീസിനെ 100 കടത്തിയത്. ഒടുവില്‍ 107 റണ്‍സിന്റെ വിജയ ലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക ബാറ്റിങ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കം മോശമായിരുന്നു. പൂജ്യം റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത്തും മൂന്ന് റണ്‍സുമായി വിരാടും പുറത്തായി. കെ.എല്‍. രാഹുലും സൂര്യകുമാറും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം പാളിപ്പോയ പല പ്രവചനങ്ങളുമുണ്ട്. ക്രിക്കറ്റ് അനലിസ്റ്റുകള്‍ മുതല്‍ താരങ്ങള്‍ വരെ നടത്തിയ പ്രവചനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും.

അതില്‍ പ്രധാനമായിരുന്നു മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയുടെ പ്രവചനം. ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുമെന്നായിരുന്നു ചോപ്രയുടെ വിലയിരുത്തല്‍.

ഹര്‍ദിക് പാണ്ഡ്യയില്ലാതെ ഒന്നും നടക്കില്ലെന്നും, ഡി കോക്ക്, മില്ലര്‍ തുടങ്ങിയ ബാറ്റര്‍മാര്‍ ദക്ഷിണാഫ്രിക്കയെ കരുത്തരാക്കുമെന്നും പറഞ്ഞ ചോപ്ര കാര്യവട്ടത്ത് ഇന്ത്യയുടെ പരാജയം നൂറ് ശതമാനം ഉറപ്പിച്ചിരുന്നു. ആ തെറ്റിദ്ധാരണ ഇന്ത്യന്‍ ബൗളര്‍മാര്‍ അങ്ങ് മാറ്റിക്കൊടുത്തു.

സീരീസില്‍ ഭുവനേശ്വറും ആദ്യ ഇന്നിങ്‌സില്‍ ബുംറയും ഇല്ലാത്തതുകൊണ്ട് പേസര്‍മാര്‍ പരാജയപ്പെടുമെന്നായിരുന്നു മറ്റൊരു പ്രവചനം. എന്നാല്‍ അര്‍ഷ്ദീപും ദീപക് ചഹറും ഹര്‍ഷല്‍ പട്ടേലും കൂടി ഏഴ് വിക്കറ്റ് വീഴ്ത്തി ആ പ്രവചനത്തെയും പൊളിച്ചടുക്കി.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആകെ വീണ എട്ട് വിക്കറ്റില്‍ ഏഴും വീഴ്ത്തിയത് പേസര്‍മാരായിരുന്നു. മൂന്ന് വിക്കറ്റുമായി അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റുമായി ദീപക് ചഹറും ഹര്‍ഷല്‍ പട്ടേലും തിളങ്ങിയപ്പോള്‍ ശേഷിക്കുന്ന വിക്കറ്റ് അക്‌സര്‍ പട്ടേലും സ്വന്തമാക്കി.

റണ്ണൊഴുകുന്ന പിച്ച് എന്ന ക്യൂറേറ്ററുടെ പ്രവചനമാണ് ഏറ്റവും കോമഡിയായത്. കാണികളെ ആവേശത്തിലാഴ്ത്താന്‍ ബാറ്റിങ് പിച്ചായാണ് താന്‍ ഇതിനെ രൂപപ്പെടുത്തിയതെന്ന് പറഞ്ഞ ക്യൂറേറ്റര്‍ ഇപ്പോഴും എയറില്‍ നിന്ന് താഴെയിറങ്ങിയിട്ടില്ല.

പ്രവചനങ്ങള്‍ പലതും തെറ്റിയെങ്കിലും ഇന്ത്യയുടെ വിജയം ഏല്ലാവരും ഒരുപോലെ ആഘോഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ ഒരു പരമ്പര നേടി പലതും തെളിയിക്കാനുള്ള രോഹിത്തിനും സംഘത്തിനും ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ഒക്ടോബര്‍ രണ്ടിനാണ് പരമ്പരയിലെ അടുത്ത മത്സരം. അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: Predictions busted after India-South Africa match in Thiruvananthapuram

We use cookies to give you the best possible experience. Learn more