| Wednesday, 7th March 2018, 9:28 pm

'സിനിമയില്‍ ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് പറഞ്ഞാല്‍ മാത്രം പോര; സ്ത്രീകള്‍ക്കുനേരേയുള്ള ആക്രമം ശിക്ഷാര്‍ഹമാണെന്നും കാണിക്കണം':മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുകവലി മദ്യപാനം എന്നിവയ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന സിനിമകളില്‍ ഇനി മറ്റൊരു വിഭാഗം കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍. ചലച്ചിത്രങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പ്രദര്‍ശിക്കുമ്പോള്‍ ഇത്തരം അതിക്രമങ്ങള്‍ ശിക്ഷാര്‍ഹമാണ് എന്ന മുന്നറിയിപ്പ് നല്‍കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടത്.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുംബയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുഖേന കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യവകാശക്കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ നടപടി.


Related News:

പ്രധാനമന്ത്രിയെ കാണാനെത്തിയ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ അറസ്റ്റ് ചെയ്തു


ഇത് സംബന്ധിച്ച വിശദീകരണം സാംസ്‌കാരിക വകുപ്പുസെക്രട്ടറി അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. നിലവില്‍ സിനിമയില്‍ മദ്യപാനം, പുകവലി രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാറുണ്ട്. കുടാതെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതിനും എതിരെ സിനിമകളില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതുപോലെത്തന്നെ ബലാല്‍സംഗം, കരണത്തടിക്കല്‍, അസഭ്യം പറയുക തുടങ്ങിയ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം നിലവിലെ സിനിമറ്റോഗ്രാഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അധികാരം കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയത്തിനാണ്. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെങ്കില്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more