| Tuesday, 14th April 2020, 2:11 pm

'രാജ്യം ഒരു ദേശീയ ദുരന്തത്തെ നേരിടുമ്പോള്‍ നമുക്ക് ഭരണഘടനയില്‍ വിശ്വസിക്കാം'; അംബേദ്കര്‍ ജയന്തിയില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് കര്‍ണാടക കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബാബാ സാഹേബ് അംബേദ്കറുടെ 129ാം ജന്മവാര്‍ഷികത്തില്‍ ആദരസൂചകമായി ഭരണഘടനയുടെ ആമുഖം വായിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ്.

രാജ്യം കൊവിഡിനെ നേരിടുന്ന ഘട്ടത്തിലും ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളെ മുറുകെ പിടിക്കണമെന്നും കോണ്‍ഗ്രസ് നേതാവും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി. കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

‘കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം ഭരണഘടനയുടെ ആമുഖം വായിച്ച് അതില്‍ നല്‍കിയിരിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ ഉറപ്പുവരുത്തി. രാഷ്ട്രം വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഭരണഘടനയാണ് നമ്മുടെ വഴികാട്ടിയെന്ന് നമുക്ക് ഓരോര്‍ത്തര്‍ക്കും പ്രതിജ്ഞ ചെയ്യാം്,’ ഡി. കെ ശിവകുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും 11 മണിക്ക് കര്‍ണാടക കോണ്‍ഗ്രസ് ഭരണഘടനയുടെ ആമുഖം വായിക്കുമെന്നും ഡികെ ശിവകുമാര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളും ആമുഖം വായിക്കണമെന്ന് ശിവകുമാര്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം രാജ്യത്തെ പ്രധാന നേതാക്കളെല്ലാം അംബേദ്കര്‍ ജയന്തിയില്‍ ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ ആദരം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ആശംസകള്‍ അറിയിച്ചു.

അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ലോക് ഡൗണ്‍ കാലാവധി നീട്ടിയതായി അറിയിച്ചു. മെയ് മൂന്ന് വരെയാണ് ലോക് ഡൗണ്‍ നീട്ടിയത്. സാമ്പത്തിക പാക്കേജുകളൊന്നും പാക്കേജുകളൊന്നുമില്ലാത്ത പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more