ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബ്രസീൽ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് തന്നെ പ്രീക്വാർട്ടറിൽ പ്രവേശിച്ചരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചതോടെയായിരുന്നു ബ്രസീലിന്റെ നോക്കൗട്ട് പ്രവേശനം.
ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കാമറൂണിനെയാണ് വമ്പൻമാരായ ബ്രസീലിന് നേരിടാനുള്ളത്. മത്സരഫലം എന്തായാലും ബ്രസീൽ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
എന്നാൽ പ്രീക്വാർട്ടറിൽ ബ്രസീലിന് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ കാമറൂണിനെതിരെ ഒരു സമനിലയെങ്കിലും നേടാനായാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലിന് പ്രീക്വാർട്ടറിലേക്ക് പോകാം.
ഗ്രൂപ്പ് ജി യിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ബ്രസീലിന് ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്തെത്തുന്ന ടീമുമായാകും പ്രീ ക്വാർട്ടറിൽ കളിക്കേണ്ടി വരിക. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആഫ്രിക്കൻ കരുത്തരായ ഘാനയായിരിക്കും ബ്രസീലിന്റെ പ്രീക്വാർട്ടർ എതിരാളിയായി വരിക.
എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഘാന ഉറുഗ്വെയോട് പരാജയപ്പെടുകയാണെങ്കിൽ ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രീക്വാർട്ടറിലേക്ക് പോകുന്നത് ഉറുഗ്വെ ആയിരിക്കും. അങ്ങനെ വരുമ്പോൾ ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീൽ-ഉറുഗ്വെ പ്രീക്വാർട്ടർ നടക്കും.
അതേസമയം ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്തുള്ള പോർച്ചുഗൽ സൗത്ത് കൊറിയയുമായുള്ള വരാനിരിക്കുന്ന മത്സരത്തിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താൽ ബ്രസീൽ-പോർച്ചുഗൽ പോരാട്ടമയിരിക്കും പ്രീക്വാർട്ടറിൽ നടക്കുക.
അങ്ങനെ വരുമ്പോൾ ബ്രസീലിന് പ്രീക്വാർട്ടറിൽ കരുത്തരായ ഘാനയെയോ പോർച്ചുഗലിനെയോ ഉറുഗ്വെയോ എതിരാളികളായി ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. അടുത്ത ഘട്ടത്തിൽ ലാറ്റിൻ അമേരിക്കൻ ടീമായ ബ്രസീൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ കാര്യങ്ങൾ സങ്കീർണമാകാനാണ് സാധ്യത.
ഇതുവരെ നടന്ന മത്സരത്തിൽ ബ്രസീലിന് അനായാസം വിജയിക്കാൻ സാധിച്ചിരുന്നു. സെർബിയക്കെതിരായ പോരാട്ടത്തോടെയായിരുന്നു അവർ ലോകകപ്പിന് തുടക്കമിട്ടത്. റിച്ചാർലിസൻ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.
സ്വിറ്റ്സർലാൻഡിനെതിരായ രണ്ടാം മത്സരത്തിൽ നെയ്മറില്ലാതെയാണ് കാനറികൾ കളത്തിലിറങ്ങിയത്. പരിക്ക് മൂലം താരത്തിന് മത്സരത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നത് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രസീലിന് ജയിക്കാനായി. കാസെമിറോ ആണ് സ്വിറ്റ്സർലാൻഡിനെതിരെ വിജയ ഗോൾ നേടിയത്.