[] വെള്ളിത്തിരയിലെ പ്രണയഭാവങ്ങളിലൂടെ പ്രേക്ഷകമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ പ്രേം നസീര്‍ എന്ന അനശ്വര നടന്‍ അഭ്രപാളികള്‍ക്കിടയില്‍ മറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍.
നായക സങ്കല്‍പങ്ങളില്‍ പല മാറ്റങ്ങള്‍ വന്നെങ്കിലും ആദ്യത്തെ ചോക്ലേറ്റ് നടനെന്ന വിശേഷണം പ്രേം നസീറിനു സ്വന്തം. മരം ചുറ്റി പ്രേമം മാത്രമല്ല വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളും അദ്ദേഹം വെള്ളിത്തിരയിലവതരിപ്പിച്ചു.
ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ഗോപാലന്‍, പടയോട്ടത്തിലെ ഉദയന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഇതിനുദാഹരണമായിരുന്നു.
ലോകറെക്കോര്‍ഡുകളുടെ ഗിന്നസ് ബുക്കില്‍ ഇടം നേടുന്ന ആദ്യ മലയാള സിനിമാതാരമാണ് പ്രേം നസീര്‍. 33 വര്‍ഷങ്ങള്‍ക്കൊണ്ട് അറുനൂറോളം ചിത്രങ്ങള്‍. ഏറ്റവുമധികം ചിത്രങ്ങളില്‍ നായകനായി. 117 ചിത്രങ്ങളില്‍ ഷീലയ്‌ക്കൊപ്പം താരജോഡിയായി അഭിനയിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടി.
റെക്കോര്‍ഡുകള്‍ ഇനിയുമുണ്ട്. 72 നായികമാരോടൊപ്പം അഭിനയിച്ച നടനും ഏറ്റവും കൂടുതല്‍ സിനിമകളില്‍ (25) ഡബിള്‍ റോളില്‍ അഭിനയിച്ച നടന്നനെന്ന റെക്കോര്‍ഡും പ്രേം നസീറിനു തന്നെ. ആദ്യ സിനിമാസ്‌കോപ്പ് ചിത്രം തച്ചോളി അമ്പു ഉള്‍പ്പടെ ഏറ്റവും കൂടുതല്‍ വടക്കന്‍ പാട്ടു ചിത്രങ്ങളില്‍ നായകനായെന്ന റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തം.
അബ്ദുള്‍ ഖാദറിന് പ്രേം നസിറെന്ന പേര് നല്‍കിയത് തിക്കുറിശ്ശി സുകുമാര്‍ നായരാണ്. ആദ്യ ചിത്രമായ മരുമകളില്‍ അബ്ദുള്‍ ഖാദര്‍ എന്ന പേരിലാണ് അദ്ദേഹം അഭിനയിച്ചത്. ചിത്രം പരാജയമായതോടെയാണ് പുതിയ പേരില്‍ അതേ നടനെ അവതരിപ്പിച്ചത്.
1983 ല്‍ പത്മ ഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാഷണ്‍ ഫിലിം അവാര്‍ഡ് ജ്യൂറി അംഗമായിരുന്നു.
ചിറയന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും അസ്മാബീബിയുടെയും മകനായി 1926 ല്‍ ജനിച്ച പ്രേം നസീര്‍ 1952 മുതല്‍ 1988 വരെ സിനിമയില്‍ സജീവമായിരുന്നു.
അഭിനേതാവിനപ്പുറം നല്ലൊരു വ്യക്തിത്വത്തിനുടമയായ നസീറിന്റെ ദയാവായ്പിനെ ഇന്നും സിനിമാലോകം ഓര്‍ക്കുന്നു. നിത്യഹരിത നായകന്‍ ഒട്ടും ഹരിതശോഭ നഷ്ടപ്പെടാതെ മലയാളി മനസുകളില്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.