| Sunday, 7th April 2019, 11:18 pm

തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡുകള്‍ക്ക് അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡുകള്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ അനുമതി വാങ്ങണമെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനുമാണ് നിര്‍ദേശം നല്‍കിയത്. പരിശോധന നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അടുപ്പക്കാരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മുന്നൂറോളം വരുന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് കമല്‍നാഥിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കറിന്റെ വീട്ടിലടക്കം ദല്‍ഹി, ഭോപാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായി 50 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്.

പ്രവീണ്‍ കക്കാറിനോട് അടുപ്പമുള്ള അശ്വിന്‍ ശര്‍മയുടെ വസതിയില്‍ റെയ്ഡിനിടെ സംസ്ഥാന പോലീസ് എത്തിയത് ബംഗാളില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ വീട്ടില്‍ സംഭവിച്ചത് പോലെ സി.ആര്‍.പി.എഫ്-പൊലീസ് വാക്കേറ്റത്തിന് കാരണമായി. സംസ്ഥാന പൊലീസിനെ കണ്ടതോടെ സി.ആര്‍.പി.എഫിന്റെ സഹായത്തോടെ ആദായനികുതി ഉദ്യോഗസ്ഥര്‍ വീടിന്റെ വാതില്‍ അടയ്ക്കുകയായിരുന്നു.

റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനകത്തുള്ളവര്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നുവെന്നും പക്ഷെ സി.ആര്‍.പി.എഫിനെ ഉപയോഗിച്ച് എല്ലാം അടച്ചുപൂട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം മധ്യപ്രദേശ് പൊലീസ് ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നും ആക്ഷേപിച്ചെന്നും സി.ആര്‍.പി.എഫും പറഞ്ഞു.

We use cookies to give you the best possible experience. Learn more