| Saturday, 17th June 2023, 9:12 pm

ഉത്തരകാശിയില്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ആക്രമണങ്ങള്‍; ബി.ജെ.പി ന്യൂനപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സംഘ്പരിവാര്‍ ആക്രമണങ്ങളില്‍ നിരവധി മുസ്‌ലിങ്ങള്‍ക്കാണ് വീട് വിട്ടിറങ്ങേണ്ടി വന്നിരിക്കുന്നത്. തങ്ങള്‍ മുസ്‌ലിമായത് കൊണ്ട് തന്നെ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികളായ മുസ്‌ലിങ്ങള്‍ ദി വയറിനോട് പറഞ്ഞു. എന്നാല്‍ ഇപ്പോഴുള്ള വര്‍ഗീയത വരാനിരിക്കുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്ന് ബി.ജെ.പി ന്യൂനപക്ഷ നേതാവായ സോനു മീറും ആരോപിച്ചു.

തന്റെ വീട് അക്രമിക്കുന്നത് വരെ ബി.ജെ.പി പിന്തുണക്കാരനായിരുന്നു സോനു മീര്‍. നിയമത്തിന് കീഴില്‍ എല്ലായ്‌പ്പോഴും താനൊരു തുല്യ ഇന്ത്യന്‍ പൗരനാണെന്ന് കരുതിയിരുന്ന മീര്‍ മുസ്‌ലിമായതിന്റെ പേരില്‍ പുരോലയിലെ വീട്ടില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെ നാടുകടത്തപ്പെട്ടിരിക്കുന്നു.

‘എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുമ്പോള്‍ ഓടിപ്പോകുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു,’ മീര്‍ പറഞ്ഞു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തന്റെ മൊബൈല്‍ ഷോപ്പ് കടകളും അടിച്ച് തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകാശി ജില്ലയില്‍ നാല് തവണ ബി.ജെ.പിയുടെ ന്യൂനപക്ഷ വിങ്ങിന്റെ പ്രസിഡന്റായിരുന്നു മീര്‍. മുസ്‌ലിങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ബോധവാന്മാരായിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

21 വര്‍ഷക്കാലം ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്ന മീര്‍, 2023 അവസാനം നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും പറഞ്ഞു.

’30 വര്‍ഷത്തോളം സമാധാനത്തോടെയാണ് ഞങ്ങളിവിടെ ജീവിച്ചത്. എന്നാല്‍ ഞങ്ങള്‍ക്കിപ്പോള്‍ വീട് വിട്ടിറങ്ങേണ്ട അവസ്ഥയാണ്,’ പുരോലയിലെ വ്യാപാരിയായ മുഹമ്മദ് സെയ്ഫ് പറയുന്നു. സെയ്ഫും അദ്ദേഹത്തിന്റെ ഏഴ് അംഗങ്ങളടങ്ങുന്ന കുടുംബവും ഇരുനില വീടും ഹാര്‍ഡ്‌വെയര്‍ കടയും ഉപേക്ഷിച്ചിറങ്ങിയിരിക്കുകയാണ്.

തങ്ങള്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണവും ധരിച്ച വസ്ത്രവുമായാണ് വീട് വിട്ടിറങ്ങിയതെന്ന് മൊഹ്‌സിന്‍ ഖാനും പറഞ്ഞു. നിലവില്‍ താന്‍ ഇപ്പോള്‍ എവിടെയാണെന്ന് ഭയം മൂലം അദ്ദേഹത്തിന് പുറത്ത് പറയാനും സാധിക്കുന്നില്ല.

‘ മുസ്‌ലിങ്ങളെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ ലവ് ജിഹാദ് പോലുളള വാക്കുകള്‍ ഉപയോഗിക്കുകയാണ്. ഇന്ന് എനിക്ക് പണമില്ല, കഴിക്കാന്‍ ഒന്നുമില്ല, കാരണം ഞാനൊരു മുസ്‌ലിമാണ്,’ മാലിക് പറഞ്ഞു.

സംഘപരിവാര്‍ തങ്ങളുടെ പേര് മുസ്‌ലിങ്ങള്‍ എന്നതില്‍ നിന്ന് ജിഹാദികളെന്നാക്കിയെന്ന് ബി.ജെ.പി നേതാവായ സഹിദ് മാലിക് പറഞ്ഞു.

‘മുസ്‌ലിം ജീവിതം വെറും എണ്ണത്തില്‍ ഒതുക്കിയിരിക്കുകയാണ്. എന്നാല്‍ അത് ആര്‍ക്കും പ്രശ്‌നമല്ല. സംസ്ഥാന ബി.ജെ.പി നേതൃത്വം പൂര്‍ണമായ നിശബ്ദത പാലിക്കുകയാണ്,’ മാലിക് പറഞ്ഞു.

ഉത്തരകാശിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോസ്റ്റര്‍ പതിപ്പിക്കുന്നതിന് മുമ്പ് സമീപമുള്ള മറ്റൊരു പട്ടണമായ ബാര്‍ക്കോട്ടിലും സമാന പോസ്റ്ററുകളുണ്ടായിട്ടുണ്ടെന്ന് മാലിക് പറഞ്ഞു. ബജ്‌റംഗ്ദള്‍ സംഘടനകളുടെ അംഗങ്ങള്‍ പട്ടണത്തില്‍ വന്‍ പ്രതിഷേധം നടത്തുകയും മുസ്‌ലിങ്ങളുടെ വീടുകളും കടകളും അക്രമിക്കുകയും ചെയ്തു.

30-40 ഓളം മുസ്‌ലിം കടകളും വസ്തുവകകളും നശിപ്പിക്കപ്പെട്ടു.

ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവാവും ചേര്‍ന്ന് 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് മെയ് 26 മുതലാണ് ഉത്തരകാശിയില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

കുറ്റക്കാരായ ഉബെദ് ഖാന്‍, ജിതേന്ദ്ര സൈനി എന്നിവര്‍ മെയ് 27ന് അറസ്റ്റിലായിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ നിരവധി സ്ഥലങ്ങളില്‍ മുസ്ലിം കടകളും വീടുകളും നശിപ്പിക്കുകയായിരുന്നു.

ജൂണ്‍ 5നകം ഉത്തരകാശിയിലെ പുരോല മാര്‍ക്കറ്റില്‍ നിന്ന് മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ച് സംസ്ഥാനം വിട്ട് പോകണമെന്ന പോസ്റ്ററുകളും സംഘപരിവാര്‍ പതിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പല മുസ്‌ലിം വ്യാപാരികളും കടകള്‍ അടച്ചിടാനും ജില്ല വിട്ട് പോകാനും നിര്‍ബന്ധിതരാകുകയായിരുന്നു.

content nhighlights: Pre-election attacks in Uttarkashi; BJP Minority Leader

We use cookies to give you the best possible experience. Learn more