| Thursday, 14th June 2012, 7:53 am

സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ കുഞ്ഞാലിക്കുട്ടി നാലാമന്‍; തിരുത്തി അച്ചടിക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രിസഭാ വാര്‍ഷികത്തിനിറക്കിയ പ്രസിദ്ധീകണരത്തില്‍ വ്യവസായ മന്ത്രി നാലാം സ്ഥാനത്ത്. ലീഗ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ഇവ തിരുത്തി വീണ്ടും അച്ചടിക്കുന്നു.

സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥം പ്രത്യേക പതിപ്പിലാണ് തിരുത്തല്‍. “വികസനവര്‍ഷം, കാരുണ്യവര്‍ഷം” എന്നിങ്ങനെ പേരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇത് പുറത്തിറക്കിയത്.

ജനപഥത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രം നാലാമതായിരുന്നു. ആദ്യം മുഖ്യമന്ത്രി, രണ്ടാമത് ആഭ്യന്തര മന്ത്രി, മൂന്നാമത് ധനമന്ത്രി, നാലാമത് വ്യവസായ മന്ത്രി എന്നിങ്ങനെയാണ് ലേഖനങ്ങള്‍ നല്‍കിയത്. “വികസന വര്‍ഷം കാരുണ്യ വര്‍ഷ”ത്തിലും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം നാലാമതായി.

മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവായിട്ടും കുഞ്ഞാലിക്കുട്ടിയെ നാലാം സ്ഥാനത്തേക്ക് മാറ്റിയതില്‍ ലീഗ് എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് പ്രസിദ്ധീകരണങ്ങള്‍ മാറ്റി പ്രിന്റ് ചെയ്യാന്‍ തീരുമാനമായത്. ഇതോടെ 
കുഞ്ഞാലിക്കുട്ടിയുടെ ലേഖനവും ചിത്രവും രണ്ടാം സ്ഥാനത്താക്കി അച്ചടിക്കാന്‍ ഇര്‍ഫര്‍മേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ കുറച്ചു മാത്രമേ അച്ചടിച്ചിരുന്നൂള്ളൂവെന്നും അതിനാലാണ് തിരുത്തിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ വാര്‍ഷികം വി.ജെ.ടി ഹാളില്‍ നിന്ന ദിവസം കുഞ്ഞാലിക്കുട്ടി നാലാം സ്ഥാനത്തുള്ള പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more