ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വെള്ളം ചോദിച്ചതിന് ഭിന്നശേഷിക്കാരനെ മര്‍ദിച്ച് പ്രാന്ത്യ രക്ഷക് ദള്‍ ജവാന്മാര്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. വീല്‍ചെയറില്‍ ഇരിക്കുന്ന ഭിന്നശേഷിക്കാരനായ സച്ചിന്‍ സിങ്ങിനെ യൂണിഫോം ധരിച്ചെത്തിയ ജവാന്മാര്‍ ക്രൂരമായി മര്‍ദിക്കുകയും തലക്കടിക്കുകയും ചെയ്യുന്നത് പ്രചരിച്ച വീഡിയോയില്‍ കാണുന്നുണ്ട്.
വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ രവീന്ദ്ര കുമാര്‍ മൂന്ന് ഉദ്യേഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പി.ആര്‍.ഡി ജവാന്മാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്.പി സങ്കല്‍പ് ശര്‍മ പറഞ്ഞു. പി.ആര്‍.ഡി ജവാന്മാരായ രാജേന്ദ്ര മണി, അഭിഷേക് സിങ് എന്നിവരാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരെ ഡ്യൂട്ടിയില്‍ നിന്നും നീക്കിയിട്ടുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അക്രമത്തിന് ഇരയായ 26കാരനായ സച്ചിന് 2016 മുംബൈയില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെടുകയായിരുന്നു. സിം വില്‍പനക്കാരനായും ഒരു റെസ്റ്റോറന്റിലെ ഡെലിവറി ബോയ് ആയുമാണ് ഇയാള്‍ ജോലി ചെയ്ത് വരുന്നത്.
ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവമുണ്ടായതെന്ന് സച്ചിന്‍ പറയുന്നു. ‘വീട്ടിലേക്ക് മടങ്ങും വഴി ഒരു ആമ റോഡില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് ഞാനതിനെ എടുത്ത് ദുഗ്‌ദേശ്വര്‍നാഥ് ക്ഷേത്രത്തിനടുത്തുള്ള കുളത്തില്‍ കൊണ്ട് പോയിട്ട്, അവിടെ നിന്നും വരുമ്പോഴാണ് ജവാന്മാരെ കണ്ടത്. ആമയെ പിടിച്ചത് കൊണ്ട് കൈ ആകെ മണത്തിരുന്നതിനാല്‍ ഞാന്‍ അവരോട് വെള്ളം ചോദിച്ചു. തുടര്‍ന്നാണ് ജയിലലടക്കുമെന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്,’ സച്ചിന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കൂടുതല്‍ മര്‍ദിക്കുകയായിരുന്നുവെന്നും ഇത് ടെറസില്‍ നിന്നും കണ്ട ആരോ ആണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: PRD Jawans abused and hit a specially-abled man who asked them for water