Advertisement
national news
പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല; ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 07, 05:37 am
Saturday, 7th January 2023, 11:07 am

ഇന്‍ഡോര്‍: പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണാത്തതിനെ തുടര്‍ന്ന് യുവാവ് ക്ഷേത്രങ്ങള്‍ തകര്‍ത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

24കാരനായ ശുഭം കൈത്വാസ് എന്ന യുവാവാണ് ക്ഷേത്രം തകര്‍ത്തത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചന്ദന്‍ നഗര്‍, ഛത്രിപുര എന്നിവിടങ്ങളിലെ രണ്ട് ക്ഷേത്രങ്ങളാണ് 24കാരന്‍ തകര്‍ത്തത്.

ചെറുപ്പത്തില്‍ അപകടത്തെ തുടര്‍ന്ന് യുവാവിന്റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ഒരുപാട് പ്രാര്‍ഥിച്ചിട്ടും പരിക്ക് ഭേദമായില്ല. ഇതാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ കാരണമെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് കരുതുന്നതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന്ത് ചൗബെ അറിയിച്ചു.

‘ചന്ദന്‍ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങള്‍ ഒരു യുവാവ് അടുത്തിടെ നശിപ്പിക്കുകയും ഒരു വിഗ്രഹം അശുദ്ധമാക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ള പോലെയാണ് കാണപ്പെട്ടത്. അയാളുടെ പിതാവ് ഒരു ചെറിയ ഹാര്‍ഡ്‌വെയര്‍ സ്‌റ്റോര്‍ നടത്തുകയാണ്,’ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന്ത് ചൗബെ പി.ടി.ഐയോട് പറഞ്ഞു.

ഐ.പി.സി 295 എ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഐ.പി.സി 295 എ- ഏതെങ്കിലും മത വിഭാഗത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിക്കാനോ, അവരുടെ മത വികാരത്തെ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വമായ വിദ്വേഷം നിറഞ്ഞ പ്രവര്‍ത്തി.

അതേസമയം, യുവാവ് ക്ഷേത്രം നശിപ്പിച്ചതിനെതിരെ ഹിന്ദുത്വ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

Content Highlight: Prayers Not Answered, Man Vandalized Temples In Indore