|

നിയമസഭാ തെരെഞ്ഞടുപ്പ്; വോട്ടെണ്ണല്‍ തീയതി മാറ്റാന്‍ മിസോറാം പള്ളിയില്‍ പ്രാര്‍ത്ഥനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐസ്വാള്‍: സംസ്ഥാനത്തെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറാമിലെ പള്ളികള്‍ പ്രാര്‍ത്ഥന നടത്തിയായി സഭാ നേതാവ്. ശനിയാഴ്ച 15 പ്രധാന പള്ളികളുടെ കൂട്ടായ്മയായ മിസോറാം കൊഹ്‌റാന്‍ ഹ്രുയിറ്റിയൂട്ട് കമ്മിറ്റി (എം.കെ.എച്ച്.സി) സംസ്ഥാനത്തെ പള്ളികളോട് പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ടതായി സഭാ നേതാവ് പറഞ്ഞു.

നവംബര്‍ 28ന് എന്‍.ജി.ഒ കോഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് പറഞ്ഞ എ.കെ.എച്ച്.സി, ഇവരുടെ ശ്രമങ്ങള്‍ ഫലം കാണാന്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ പള്ളി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഏറ്റവും വലിയ മതവിഭാഗമായ മിസോറാം പ്രസ്ബിറ്റീരിയല്‍ ചര്‍ച്ചും വോട്ടെണ്ണല്‍ തീയതി മാറ്റുന്നത് ഉറപ്പാക്കാന്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം നിലവില്‍ ദല്‍ഹിയിലെ ക്യാമ്പ് ചെയ്യുന്ന എന്‍.ജി.ഒ.സിയുടെ അഞ്ചംഗ പ്രതിനിധി സംഘം ചൊവ്വാഴ്ച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണിലെ മറ്റു ഉദ്യോഗസ്ഥരെയും കാണുകയും വോട്ടെണ്ണല്‍ തീയതി മാറ്റാന്‍ ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കുകയും ചെയ്യും.

ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനറെയും മറ്റു ഉദ്യോഗസ്ഥരെയും കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതായി കമ്മിറ്റി ജനറല്‍ സെക്രട്ടറി മാന്‍സാവംലിയാന പറഞ്ഞു.

മിസോറാം, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിശ്ചയിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി സംഘടനകളും പള്ളികളും ഇതിനെ എതിര്‍ക്കുകയും ക്രൈസ്തവരുടെ പുണ്യദിനമായ ഞായറാഴ്ച്ച പള്ളി ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ വോട്ടെണ്ണല്‍ തീയതി പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

40അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഏഴിന് നടന്നിരുന്നു.

Content highlight : Prayers held in Mizoram for change in counting date