മഞ്ചേരി: പൊതുചടങ്ങില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുളള ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഞ്ചേരി ടൗണ്‍ഹാളില്‍ മലപ്പുറം ജില്ലാതല പട്ടയമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയമേളയുടെ ഉദ്ഘാടനച്ചടങ്ങ് പ്രാര്‍ത്ഥനയോടെയാണ് തുടങ്ങിയത്. ഈ സമയം കാലിന് സുഖമില്ലാത്തൊരാള്‍ മറ്റൊരാളെ പിടിച്ചാണ് എഴുന്നേറ്റത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു അന്‍വറിന്റെ പ്രതികരണം.
പ്രായാധിക്യം കാരണം എണീറ്റുനില്‍ക്കാന്‍ പറ്റാത്തവരെ പ്രാര്‍ഥനയ്ക്കായി മിനിട്ടുകള്‍ എഴുന്നേല്‍പിച്ച് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രിമാരായ കെ.രാജന്‍, വി അബ്ദുറഹിമാന്‍ എന്നിവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു അന്‍വറിന്റെ പ്രസ്താവന.
ദൈവവിശ്വാസം ഓരോരുത്തരുടെയും മനസിലാണ്. ഈശ്വരവിശ്വാസികളും അല്ലാത്തവരും ഈ ചടങ്ങിലുണ്ട്. പ്രാര്‍ഥന പോലുളള അനാവശ്യ ചടങ്ങുകള്‍ ഒഴിവാക്കികൂടെയെന്നും അദ്ദേഹം ചോദിച്ചു. പൊതുപരിപാടികളില്‍ നിന്നും പ്രാര്‍ത്ഥന ഒഴിവാക്കുന്ന കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടയമേള മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പായി റവന്യു ജീവനക്കാരാണ് പ്രാര്‍ത്ഥനാഗീതം ആലപിച്ചത്.
content highlights; prayer is not required in the public ceremony; The matter will be raised in the Assembly: P.V. Anwar