നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍, റിപ്പോർട്ട് തേടി വീണ ജോർജ്
Kerala News
നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍, റിപ്പോർട്ട് തേടി വീണ ജോർജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2023, 12:15 pm

തൃശൂര്‍: നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണ ജോർജ്. തൃശൂരിലെ ജില്ല ശിശു സംരക്ഷണ ഓഫീസിലാണ് ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാനായി പ്രാര്‍ത്ഥന നടത്തിയത്.

നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ അന്വേണത്തിന് ജില്ല കളക്ടര്‍ ഉത്തരവിട്ടിരുന്നു. സെപ്തംബര്‍ ആദ്യ വാരത്തില്‍ ഒരു ദിവസം വൈകീട്ട് 4.30നാണ് പ്രാര്‍ത്ഥന നടന്നത് എന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്താന്‍ സബ്കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ സിവില്‍ സ്റ്റേഷനകത്ത് വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ശിശുസംരക്ഷണ കേന്ദ്രം. ഇവിടെയാണ് പ്രാര്‍ത്ഥന നടന്നത്. ശിശുസംരക്ഷണ ഓഫീസറാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ മറ്റു ജീവനക്കാരെ നിര്‍ബന്ധിച്ചത്.

താത്കാലിക ജീവനക്കാരായതിനാലും പെട്ടെന്ന് ലഭിച്ച അറിയിപ്പിലായതിനാലും പങ്കെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഇവരില്‍ ഒരാള്‍ തന്നെയാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ത്ഥന നടത്തിയത് എന്നുമാണ് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓഫീസില്‍ നെഗറ്റീവ് എന്‍ജിയുണ്ടെന്ന് ശിശു സംരക്ഷണ ഓഫീസര്‍ സ്ഥിരമായി പരാതി പറയാറുണ്ടായിരുന്നു. ഓഫീസിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം ഈ നെഗറ്റീവ് എനര്‍ജിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്തുത ഓഫീസറുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ഇവിടെ നിന്നും അടുത്തിടെ നാല് താത്കാലിക ജീവനക്കാര്‍ രാജിവെക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ ആദ്യവാരത്തില്‍ നടന്ന പ്രാര്‍ത്ഥന സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം പ്രാര്‍ത്ഥന നടന്നതായി ജില്ല ശിശുസംരക്ഷണ ഓഫീസര്‍ ബിന്ദു സമ്മതിച്ചതായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികനാകാന്‍ പഠിക്കുന്ന സഹപ്രവര്‍ത്തകന്‍ പ്രാര്‍ത്ഥന നടത്താമെന്ന് പറഞ്ഞപ്പോള്‍ അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും ആരെയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വേണ്ടി നിര്‍ബന്ധിച്ചിട്ടില്ല എന്നും ജില്ല ശിശുസംരക്ഷണ ഓഫീസര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

content highlights: Prayer in government office to avoid negative energy; The Collector ordered an inquiry