| Saturday, 23rd March 2019, 11:47 am

ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ, മാറ്റി വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല' ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങളോട് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. താന്‍ ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പ്രയാര്‍ പറഞ്ഞു.

“ഞാന്‍ ഒരാളെ മാത്രമേ അച്ഛാ എന്ന് വിളിച്ചിട്ടുള്ളൂ… അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ക്ക് നല്ല നമസ്‌കാരം.” എന്നാണ് പ്രയാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രയാര്‍.

Also read:പ്രിയങ്ക മികച്ച വ്യക്തിത്വം; പ്രചരണം കോണ്‍ഗ്രസിന് ഗുണം ചെയ്യും: പ്രിയങ്കാ ഗാന്ധിയോടുള്ള ആരാധന വെളിവാക്കി ബി.ജെ.പി നേതാവ് ബാബുലാല്‍ ഗൗര്‍

ബി.ജെ.പി രണ്ടു ഘട്ടമായി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ പത്തനംതിട്ടയിലേക്ക് ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്നും നേതാവ് ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നുമായിരുന്നു പ്രചരണം.

പ്രയാറിന്റെ പേരിനു പുറമേ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ പേരായിരുന്നു ഇത്തരത്തില്‍ ഉയര്‍ന്നത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കുര്യനും തള്ളിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more