വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന നിലയിലാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; പ്രയാര്‍ ഗോപാലകൃഷ്ണന്‍
Kerala News
വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന നിലയിലാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; പ്രയാര്‍ ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th October 2018, 5:14 pm

ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം എന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ദേവസ്വം പ്രസിഡന്റ് തുടര്‍ച്ചയായി നിലപാട് മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീം കോടതിയില്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ മുന്‍വിധികളില്ലാതെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതാക്കളുമായി ആലോചിച്ചശേഷമാണ് പ്രാര്‍ഥനായോഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഹൈന്ദവ ഏകീകരണമെന്നത് ഉണ്ടാകില്ലെന്നും ഐക്യം വേണമെന്ന് തോന്നിയത് കൊണ്ടാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും പ്രയാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് നാമജപത്തിന് ആയിരങ്ങള്‍ എത്തിയത്. എന്നാല്‍ ഈ ഐക്യത്തെ സര്‍ക്കാര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

Also Read ശബരിമല പ്രക്ഷോഭം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

കോണ്‍ഗ്രസ് ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിക്കുന്നത്. രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത് സന്നിധാനത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

ശബരിമലയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രി ജാതിസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഇതിനെതിരെ 153 എ, 295 എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

DoolNews Video