| Friday, 2nd December 2016, 9:59 am

സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നത് തടയും: പുണ്യനദിയായ പമ്പയെ സ്ത്രീകള്‍ അശുദ്ധമാക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല യാത്ര ഒരു വിനോദയാത്രയാക്കരുത്. പിക്‌നിക്കിനു പോകുന്നതുപോലെയാണു സ്ത്രീകള്‍ പമ്പയില്‍ എത്തുന്നതെന്നാണു പ്രയാര്‍ വിശേഷിപ്പിക്കുന്നത്.


പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ ബന്ധുക്കളായ സ്ത്രീകള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തടയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

പമ്പ പുണ്യനദിയാണ്. വ്രതശുദ്ധിയോടെ പമ്പയിലെത്തുന്ന അയ്യപ്പന്‍മാരോടൊപ്പം ചിലപ്പോള്‍ സ്ത്രീകളും പമ്പവരെ എത്തുന്നു. അവര്‍ പമ്പയില്‍ കുളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയുമെന്നും പ്രയാര്‍ പറഞ്ഞു.

തീര്‍ഥാടന കാലത്തു മാത്രമല്ല, എല്ലാക്കാലത്തും പമ്പയുടെ അടുത്തേക്കു സ്ത്രീകള്‍ വരുന്നതു തടയും. 41 ദിവസത്തെ കഠിന വ്രതമനുഷ്ഠിച്ചു മാത്രമേ സന്നിധാനത്തു പ്രവേശിക്കാവൂ എന്നാണു നിയമം. വ്രതശുദ്ധിയോടെ പമ്പയിലെത്തുന്നവരാണു തീര്‍ഥാടകര്‍.

ഇവര്‍ക്കൊപ്പം യുവതികള്‍ പമ്പയില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും താന്‍ ഇക്കാര്യം നേരിട്ടു സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രയാര്‍ പറയുന്നു.


Also Read സ്വര്‍ണം കൈവശം വെക്കുന്നതിന് നിയന്ത്രണമില്ലെന്ന് സര്‍ക്കാര്‍; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം


ശബരിമല യാത്ര ഒരു വിനോദയാത്രയാക്കരുത്. പിക്‌നിക്കിനു പോകുന്നതുപോലെയാണു സ്ത്രീകള്‍ പമ്പയില്‍ എത്തുന്നതെന്നാണു പ്രയാര്‍ വിശേഷിപ്പിക്കുന്നത്.

അതേസമയം ശബരിമലയുടെ പേര് സര്‍ക്കാരിന്റെയോ ദേവസ്വംവകുപ്പിന്റെയോ അറിവില്ലാതെ സ്വന്തം ഇഷ്ടപ്രകാരം മാറ്റിയ വിവാദത്തില്‍ കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ പ്രയാര്‍ തയ്യാറായില്ല.

അതേസമയം പ്രയാറിന്റെ കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.

സ്ത്രീകളെ സന്നിധാനത്തു പ്രവേശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു കോടതികള്‍ വരെ പറഞ്ഞിട്ടും സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പാണ് പ്രയാര്‍ പ്രകടിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more