ലഖ്‌നൗ: പ്രയാഗ് രാജിലെ ദളിത് കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ അറസ്റ്റ് എട്ട് സവര്‍ണ കുടുംബാംഗങ്ങളെ വിട്ടയച്ച് ഉത്തര്‍ പ്രദേശ് പൊലീസ്. അതേസമയം സംഭവത്തില്‍ മൂന്ന് ദളിത് യുവാക്കളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളെ ജുഡീഷ്യല്‍ കസ്റ്റഡയിയില്‍ വിട്ട പോലീസ് മറ്റ് രണ്ട് പേരെ ഉടന്‍ വിട്ടയക്കുമെന്ന് അറിയിച്ചു.
എന്നാല്‍ അറസ്റ്റ് ചെയ്ത ദളിത് യുവാക്കള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാലംഗ ദളിത് കുടുംബത്തെ പ്രയാഗ് രാജിലെ വീട്ടില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളായ സവര്‍ണ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് ഇവരെ സംരക്ഷിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കൊല്ലപ്പെട്ട കുടംബത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ‘സവര്‍ണ കുടുംബത്തെ പൊലീസ് സംരക്ഷിക്കുകയാണ്. 19 വയസ്സുള്ള ആണ്‍കുട്ടി എങ്ങനെയാണ് നാല് പേരെ കൊല്ലുന്നത്. ആരുടെയെങ്കിലും സഹായം ലഭിച്ചെങ്കില്‍ അവര്‍ എവിടെ? പെണ്‍കുട്ടിയോട് മാത്രമാണ് ദേഷ്യമുണ്ടായിരുന്നതെങ്കില്‍ എന്തിനാണ് കുടുംബത്തെ മുഴുവന്‍ കൊന്നത്? ‘ ബന്ധുക്കള്‍ ചോദിക്കുന്നു.
പ്രതിയായ യുവാവ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൊലപാതകത്തിന് മുന്‍പ് പെണ്‍കുട്ടിക്ക് ഇയാള്‍ മെസേജ് അയച്ചിരുന്നു എന്നതാണ് അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം പ്രതിയാക്കപ്പെട്ട ദളിത് യുവാവ് കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു എന്ന് സഹോദരി പറയുന്നു.’ദളിത് ആയത് കൊണ്ടാണ് അവന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പൊലീസിന് സവര്‍ണ കുടുംബത്തെ സംരക്ഷിക്കണം. അതിന് എന്റെ സഹോദരനെ ബലിയാടാക്കുകയാണ്,’ അവര്‍ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട കുടംബത്തിന്റെ ബന്ധുക്കളെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചതിന് പിന്നാലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. യോഗി ഭരണകൂടത്തിന്റെ ദളിത് വിരുദ്ധത ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രതിഷേധം കടുപ്പിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: prayagraj-killings-dalit-youth-sent-to-custody-as-upper-caste-members-released