| Wednesday, 29th November 2023, 8:32 am

ഞാനിപ്പോൾ ധ്യാൻ ചേട്ടനെ വെള്ളിയാഴ്ച എന്നാണ് വിളിക്കുക; ഷോർട് ആയിട്ട് വെള്ളി എന്നും: പ്രയാഗ മാർട്ടിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് പടങ്ങൾ ഒരുമിച്ച് ചെയ്യുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസനും പ്രയാഗ മാർട്ടിനും ഒരുമിച്ച് എത്തുന്ന സിനിമയാണ് ‘ബുള്ളറ്റ് ഡയറീസ്’. ഡിസംബർ ഒന്ന് ഒരു വെള്ളിയാഴ്ചയാണ് ചിത്രം റിലീസാകുന്നത്.

താനിപ്പോൾ ധ്യാൻ ശ്രീനിവാസനെ വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നതെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. കാരണം മലയാളി പ്രേക്ഷകർക്ക് എല്ലാ വെള്ളിയാഴ്ചയും ധ്യാൻ ശ്രീനിവാസന്റെ ഒരു പടം തിയേറ്ററിൽ വരുമെന്ന് പ്രയാഗ കൂട്ടിച്ചേർത്തു. ചിലപ്പോൾ ചുരുക്കിയിട്ട് വെള്ളി എന്നും വിളിക്കാറുണ്ടെന്ന് പ്രയാഗ പറയുന്നു. ധ്യാൻ ശ്രീനിവാസന്റെ കൂടെ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രയാഗ മാർട്ടിൻ.

‘ഞാനിപ്പോൾ ധ്യാൻ ചേട്ടനെ വിളിക്കുന്നത് വെള്ളിയാഴ്ച എന്നാണ്. എല്ലാ വെള്ളിയാഴ്ചയും നമുക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ധ്യാൻ ശ്രീനിവാസന്റെ ഒരു സിനിമ വെച്ചെങ്കിലും തിയേറ്ററിൽ കാണാൻ സാധിക്കും. അടുത്ത വെള്ളിയാഴ്ചയും ഉണ്ട് ഞാൻ അതുകൊണ്ട് വെള്ളിയാഴ്ച എന്നാണ് വിളിക്കുക. പിന്നെ ഷോർട്ട് ആയിട്ട് വെള്ളി എന്നു വിളിക്കും,’ പ്രയാഗ പറഞ്ഞു. എട്ടാം തീയതി മറ്റൊരു വെള്ളിയാഴ്ച തന്റെ വേറെ ഒരു പടത്തിന്റെ റിലീസ് ഉണ്ടെന്ന് ധ്യാൻ ഈ സമയം കൂട്ടിച്ചേർത്തു.

പ്രണയവും ആക്ഷനും കോർത്തിണക്കിയുള്ള എൻ്റർടെയിനറാണ് ‘ബുള്ളറ്റ് ഡയറീസ്’. കേന്ദ്രകഥാപാത്രമായ രാജു ജോസഫായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ‌ പ്രയാഗ മാർട്ടിനാണ് നായിക. രൺജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അൽത്താഫ് സലിം, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷ സാരംഗ്, സേതു ലഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം പ്രയാഗ മാർട്ടിന്റെ ഡാൻസ് പാർട്ടി എന്ന ചിത്രവും ഡിസംബർ ഒന്നിന് റിലീസ് ചെയ്യുന്നുണ്ട്. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡാൻസ് പാർട്ടി’. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ തുടങ്ങിയവരാണ്. ചിത്രത്തിൽ ലെന, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് മമ്മൂട്ടിയാണ്.

Content Highlight: prayaga martin troll dhyan sreenivasan

We use cookies to give you the best possible experience. Learn more