| Thursday, 4th January 2024, 12:23 pm

ആര്‍ക്ക് വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത് ? ട്രോളേഴ്‌സിന് വേണ്ടിയോ പ്രേക്ഷകര്‍ക്ക് വേണ്ടിയോ, ചോദ്യങ്ങള്‍ പലതായിരുന്നു: പ്രയാഗ മാര്‍ട്ടിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. 2014ല്‍ പുറത്തിറങ്ങിയ പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ മലയാളത്തിലും നായികയായി. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമാവാന്‍ പ്രയാഗക്ക് സാധിച്ചു.

ഈയിടെ താരത്തിന്റെ ഓഫ്‌സ്‌ക്രീന്‍ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതിനെപ്പറ്റിയും  കരിയറില്‍ എടുത്ത ബ്രേക്കിനെപ്പറ്റിയും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പ്രയാഗ. ‘സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായാണ് സിനിമയിലെത്തുന്നത്. പതിനെട്ടാമത്തെ വയസില്‍ നായികയായി ‘പിസാസ്’ എന്ന സിനിമ ചെയ്തു. അന്നുതൊട്ട് ഒരേരീതിയിലുള്ള ജീവിതമായിരുന്നു. അപ്പോള്‍ ചിന്തിച്ചു. ചുമ്മാ ആര്‍ക്കുവേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത് ? പ്രേക്ഷകര്‍ക്ക് വേണ്ടിയോ അതോ ട്രോളേഴ്‌സിന് വേണ്ടിയോ ? അല്ല പ്രശസ്തിക്കു വേണ്ടിയാണോ ? ഒരുപാട് ചോദ്യങ്ങള്‍ എന്നോടുതന്നെ ചോദിച്ചു. എന്തിനാണ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത് ? പണമുണ്ടാക്കാനാണോ ?  ഹാ പണമുണ്ടാക്കാന്‍ പറ്റിയ മേഖലയാണ്. പക്ഷേ വേറെയെന്തെങ്കിലും ജോലി ചെയ്തും പണമുണ്ടാക്കാലോ.

പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം വെച്ചാണ് ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതെങ്കില്‍ അതൊരു തെറ്റായ കാരണമാണെന്ന ബോധ്യമുണ്ട്. സിനിമയില്‍ മറ്റൊരു നടനോ നടിക്കോ ചെയ്യാന്‍ പറ്റാത്തത് എനിക്ക് ചെയ്യാന്‍ കഴിയുമ്പോഴാണ് ആര്‍ട്ടിസ്റ്റ് എന്ന് നിലയില്‍ കൈയൊപ്പ് പതിപ്പിക്കാനാവുക. എന്നിലെ ആര്‍ട്ടിസ്റ്റിനെ മനസിലാക്കാന്‍ പറ്റിയ തിരക്കഥാകൃത്തും സംവിധായകനും പ്രൊഡ്യൂസറും ടീമും ഇവിടെ ഉണ്ടോ, എങ്കില്‍ ഞാന്‍ ഇവിടെ നിലനില്‍ക്കും. അവരിലേക്ക് എത്താനാണ് ഇനി എന്റെ യാത്ര.

എനിക്ക് കിട്ടിയ എല്ലാ അവസരങ്ങളെയും നന്ദിയോടെയാണ് കാണുന്നത്. നിര്‍മാതാക്കളോടും സംവിധായകരോടുമെല്ലാം നന്ദിയും സ്‌നേഹവുമുണ്ട്. പക്ഷേ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്റെ യാത്ര അത്ര ആസ്വാദ്യകരമായിരുന്നില്ല. കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് മിണ്ടാതിരുന്നു. നന്നായി ചിന്തിക്കാന്‍ സമയം വേണമെന്നും അതിന് ബ്രേക്ക് ആവശ്യമാണെന്നും മനസിലായി.

എന്തിനാണ് ഇപ്പോള്‍ ബ്രേക്കെടുക്കുന്നതെന്ന് പലരും ചോദിച്ചു. എനിക്ക് അരക്ഷിതാവസ്ഥ ഉണ്ടായിട്ടല്ല ഈ ബ്രേക്ക്. ഇന്നും ഇല്ല നാളെയും ഇല്ല. എനിക്ക് സിനിമ തരേണ്ടത് വേറാരുടെയും ആവശ്യമില്ല. സ്വന്തം റിസ്‌കിലാണ് ഞാന്‍ ബ്രേക്കെടുക്കുന്നത്. അത്യാവശ്യം പണം സമ്പാദിച്ചുവെച്ചിട്ടുണ്ട്. ആരെയും ആശ്രയിക്കേണ്ടി വരില്ല.

സിനിമയില്‍ സ്വന്തം പ്രയത്‌നം കൊണ്ട് എത്തിയതാണ്. എന്തെങ്കിലും ചെയ്യണമെങ്കില്‍ ആരോടെങ്കിലും ചോദിക്കേണ്ട ആവശ്യമില്ല. ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍ ധൈര്യമുണ്ട്,’ പ്രയാഗ വ്യക്തമാക്കി.

Content Highlight: Prayaga Martin talks about her career break

We use cookies to give you the best possible experience. Learn more